കോവിഡ്19 മുന്‍കരുതല്‍ : നിരീക്ഷണവും പരിശോധനയും ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്

 തൊടുപുഴ: കോവിഡ്19 ആശങ്കയുടെ പശ്ചാത്തലത്തില്‍ മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കി. ജില്ലയുടെ അതിര്‍ത്തി കടന്ന് പാലുമായി എത്തുന്ന വാഹനങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റുകളില്‍ തടഞ്ഞ് പരിശോധന നടത്തി അണു വിമുക്തമാക്കിയാണ് കടത്തി വിടുന്നത്. ക്ഷീര കര്‍ഷകരില്‍ നിന്നും പാല്‍ അളന്നെടുക്കുന്ന ക്ഷീര സംഘങ്ങളിലും ആവശ്യമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാല്‍ അളക്കുന്ന സമയം ക്ഷീര കര്‍ഷകരും സംഘം ജീവനക്കാരുമുള്‍പ്പെടെ അഞ്ചു പേരില്‍ കൂടുതല്‍ നില്‍ക്കാന്‍ പാടില്ലെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഇതിനായി പാല്‍ അളക്കാന്‍ വരുന്ന ഓരോ കര്‍ഷകര്‍ക്കും പ്രത്യേകം സമയക്രമം പാലിച്ചു നല്‍കണം. പാല്‍ അളക്കുന്നവരുള്‍പ്പെടെയുള്ള ജീവനക്കാര്‍ ആവശ്യമായ വ്യക്തി ശുചിത്വം കര്‍ശനമായി പാലിച്ചിരിക്കണം. മാസ്‌ക് ഉപയോഗിക്കുകയും കൈകള്‍ സാനിട്ടൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും വേണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരിക്കുന്ന വീടുകളിലും പ്രദേശങ്ങളിലും കന്നുകാലികളെ വളര്‍ത്തുന്നുണ്ട്. ഇവിടെ വീട്ടുകാര്‍ നിരീക്ഷണത്തിലായതിനാല്‍ ഇവര്‍ക്ക് പാല്‍ അളക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. ഇത്തരത്തിലുള്ള വീടുകളില്‍ കാലിത്തീറ്റയും പുല്ലും എത്തിച്ചു നല്‍കണമെന്ന് ക്ഷീര സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘങ്ങള്‍ ചെലവഴിക്കുന്ന തുക പിന്നീട് മൃഗസംരക്ഷണ വകുപ്പില്‍ നിന്നും പ്രത്യേകം അനുവദിച്ച് നല്‍കും. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന പാല്‍ ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മരുന്ന് സ്്രപേ ചെയ്ത് അണു വിമുക്തമാക്കി കടത്തി വിടുന്നത്. ഒട്ടേറെ വാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പാലുമായി അതിര്‍ത്തി കടന്നെത്തുന്നുണ്ട്. ഇവയെല്ലാം പരിശോധിച്ചതിനു ശേഷമാണ് കടത്തി വിടുന്നത്. കൊറോണ, പക്ഷിപ്പനി ബാധയെതുടര്‍ന്നാണ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയത്. എന്നാല്‍ ഈ സാഹചര്യത്തിലും പാലിന്റെയോ പാലുല്‍പ്പന്നങ്ങളുടെയോ വില്‍പനയില്‍ കാര്യമായ കുറവു വന്നിട്ടില്ലെന്ന് ഡയറി ഡവലപ്പ്‌മെന്റ് ഓഫീസ് അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍