കോവിഡ് 19 മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഒരുബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ചൈനയ്‌ക്കെതിരെ കേസ്

ബീജിംഗ്: കോവിഡ് 19 മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കാരണം ചൈനയാണെന്ന് കാണിച്ച് ചൈനീസ് സര്‍ക്കാരിനെതിരെ കേസ്. കോവിഡ് 19 മൂലമുണ്ടായ നാശനഷ്ടങ്ങള്‍ ചൈനീസ് ഗവണ്‍മെന്റ് ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിരിക്കുന്നത്. ഏകദേശം 7400 കോടിയിലധികം ഇന്ത്യന്‍ രൂപ വരുമിത്. മിയാമി ഫെഡറല്‍ കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. ഫ്‌ലോറിഡയിലെ ബോക റാറ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെര്‍മന്‍ ലോ ഗ്രൂപ്പാണ് ചൈനീസ് സര്‍ക്കാരിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. അറ്റോര്‍ണി മാത്യു മൂര്‍ എന്നൊരാളാണ് ബെര്‍മന്‍ ലോ ഗ്രൂപ്പിന് വേണ്ടി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കോവിഡ് 19 മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കാരണം ചൈനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ജനുവരി 3 ന് തന്നെ കോവിഡ് 19 ജനങ്ങളില്‍ നിന്ന് ജനങ്ങളിലേക്ക് പടര്‍ന്നു തുടങ്ങിയെന്ന് ചൈനീസ് സര്‍ക്കാരിന് അറിയാമായിരുന്നുവെന്ന് അദ്ദഹം പറയുന്നു. അതിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗികള്‍ മരിച്ചു തുടങ്ങി. വുഹാനിലേയും ലോകത്തേയും ജനങ്ങളെ എല്ലാം ശാന്തമാണെന്ന് ചൈന പറഞ്ഞ് വിശ്വസിപ്പിച്ചു. ജനുവരി 18 ന് വുഹാനില്‍ 40,000 കുടുംബങ്ങള്‍ പങ്കെടുത്ത ഭക്ഷണമടക്കമുള്ള ഒരു പൊതുപരിപാടി എന്നിട്ടും സംഘടിപ്പിക്കുകയും ചെയ്തു. കോവിഡ് 19 എന്ന രോഗം അപകടകരമാണെന്നും അത് പതുക്കെ പിടിമുറുക്കുമെന്നും ''പ്രതികള്‍ക്ക്'' അറിയാമായിരുന്നുവെന്നും, പക്ഷേ തങ്ങളുടെ സാമ്പത്തിക സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി ''പ്രതികള്‍'' അത് മൂടിവെക്കുകയായിരുന്നുവെന്നും മാത്യൂ മൂര്‍ തന്റെ ഹരജിയില്‍ പറയുന്നു. ചൈനീസ് സര്‍ക്കാറും വുഹാന്‍ സിറ്റിയുമാണ് കേസിലെ പ്രതികള്‍. കൊറോണ വൈറസ് വ്യാപിക്കാതിരിക്കുന്നതില്‍ ചൈന പരാജയപ്പെട്ടെന്നും അതിനാല്‍ 1ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കോവിഡ് 19 അസുഖം മൂലം വ്യക്തികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍, അനാവശ്യമായ മരണങ്ങള്‍, സ്വത്ത് നഷ്ടം എന്നിവ മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ എന്നിവയൊക്കെയാണ് കൊറോണ വൈറസ് മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'ഇത് ലോകത്തിലെ ഒരു വന്‍ശക്തിക്കെതിരെ എല്ലാവരും ആഗ്രഹിച്ച നടപടിയാണ്. പക്ഷേ ചൈന ലോകത്തിലേക്ക് ആ പകര്‍ച്ചവ്യാധിയെ അഴിച്ചുവിട്ടു. ഇവിടെ അമേരിക്കയിലും ഫ്‌ലോറിഡയിലും ദിവസം കൂടുന്തോറും കോവിഡ് 19 മൂലമുള്ള ഭീതി ഇരട്ടിയായിക്കൊണ്ടിരിക്കുകയാണെ''ന്ന് കൂട്ടിച്ചേര്‍ക്കുന്നു ബെര്‍മന്‍ ലോ ഗ്രൂപ്പിന്റെ സഹസ്ഥാപകനായ റസ്സല്‍ ബെര്‍മാന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍