പ്രയാണം തുടരുന്ന കോവിഡ് 19

ലോകം കോവിഡ് 19 ( കൊറോണ) ഭീതിയിലാണ് . ചൈനയിലെ വ്യുഹാന്‍ പ്രവിശ്യയില്‍ തുടങ്ങി അവിടെ ആയിരങ്ങളുടെ മരണം വിതച്ച് മറ്റു രാജ്യങ്ങളിലേക്ക് വിമാനം കയറി ദൗത്യം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ് ഈ വമ്പന്‍ വൈറസ്. ഇക്കഴിഞ്ഞദിവസം വരെ ചൈനയില്‍ ഈ വൈറസ് ബാധ കാരണം കാലഗതി പ്രാപിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കുകളനുസരിച്ച് 3136 മാത്രം. രാജ്യം ചൈനയല്ലെ, ഒരു വിവരവും പൂര്‍ണമായി ഒരിക്കലും ആ രാജ്യത്തു നിന്നും പുറത്തെത്താറില്ലല്ലോ. എന്നാല്‍ ചൈനയില്‍ കണ്ണികളും സുഹൃത്തക്കളുമൊക്കെയുള്ള മലയാളികളില്‍ പലരും അവര്‍ക്കു കിട്ടിയ വിവരങ്ങള്‍ വെച്ച് പറയുന്നു ഔദ്യോഗികമായി പുറത്തു വിട്ട മരണസംഖ്യ മാത്രമാണ് ഇതെന്നും അതിന്റെ പതിന്മടങ്ങ് എണ്ണം മരണങ്ങള്‍ അവിടെ ഉണ്ടായിട്ടുണ്ടെന്നും. അതുപോലെ കൂട്ടമരണങ്ങളില്‍പെട്ടവരെ ഒന്നിച്ചു കുഴിച്ചുമൂടിയെന്നും കത്തിച്ചെന്നുമൊക്കെയുള്ള കിംവന്തികളുമുണ്ട്. ഇതൊരു പക്ഷെ ശരിയാവാം, ചിലപ്പോള്‍അടിസ്ഥാന രഹിതവുമാവാം. മനുഷ്യജീവന്റെ കാര്യമാവുമ്പോള്‍ ഏതായാലും 3136 തന്നെ ഒരു ചെറിയ സംഖ്യയല്ലല്ലൊ.നടേ സൂചിപ്പിച്ചതുപോലെ ചൈനയില്‍ നിന്നും യാത്ര തുടങ്ങിയ കൊറോണ വൈറസ് ഇപ്പോള്‍ ചെന്ന് തമ്പടിച്ചിരിക്കുന്നത് മൊത്തം 112 രാജ്യങ്ങളിലാണ്. അതില്‍ നമ്മുടെ ഇന്ത്യയും (കൊച്ചു കേരളമടക്കം) അറബ് രാജ്യങ്ങളും ഇറ്റലിയും ലോകപോലീസ് ചമഞ്ഞു നടക്കുന്ന സാക്ഷാല്‍ ട്രംമ്പിന്റെ അമേരിക്കയും വരെ പെടും. ഈ രാജ്യങ്ങളൊക്കെ ഇത് കൂടുതല്‍ പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള ശക്തമായ ജാഗ്രതയിലുമാണ്. ലോകത്തിലാകെ ഇതിനകം 114045 പേര്‍ക്ക് കൊറോണ ബാധയുണ്ടായെന്നും 4095 പേര്‍ മരിച്ചെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച മാത്രം വിവിധരാജ്യങ്ങളിലായി 228 കൊറോണാ ബാധിതരാണ് മരണപ്പെട്ടത് ഇതൊക്കെ വിവിധയിടങ്ങളില്‍ നിന്നും കിട്ടുന്ന ഔദ്യോഗിക കണക്കുകള്‍. ഈ കണക്കുകള്‍ ശരിയാണെങ്കില്‍ തന്നെ ലോകത്താകമാനം ഇതുമായി ബന്ധപ്പെട്ട അവസ്ഥ ഭീതിജനകം തന്നെ. ഇതു വരെ മരണങ്ങളൊന്നുമുണ്ടായില്ലെങ്കിലും കേരളത്തിലെ നഗരങ്ങളും ഗ്രാമകവലകളും, സാധാരണയായ ജനസാന്നിധ്യം കൂടുതല്‍ അനുഭവപ്പെടാറുള്ള പൊതുയാത്രാ സംവിധാനങ്ങളും, വിനോദകേന്ദ്രങ്ങളുമൊക്കെ ദിനേന വിജനമായി കൊണ്ടിരിക്കുകയാണ്. പണ്ടത്തെ നിപ്പാക്കാലത്തെതു പോലെ അത്രയും ഭീതിയിലാണ് ജനങ്ങള്‍.ഈ അവസ്ഥ തന്നെയാണ് വ്യാപാര രംഗത്തും. രാജ്യാന്തര കയറ്റുമതികളും ഇറക്കുമതികളും വരെ മന്ദഗതിയിലായിരിക്കുന്നു . വിമാനയാത്രാ ഷെഡ്യൂളുകള്‍ റദ്ദാക്കപ്പെടുകയോ ചില സെക്ടറുകളില്‍ കാലിയായി സര്‍വീസ് നടത്തുകയോ ചെയ്യുന്നു. ബന്ധുക്കളോ സുഹൃത്തുക്കളോ തമ്മില്‍ കണ്ടാല്‍ ഒന്നാശ്ലേഷിക്കുന്നത് പോയിട്ട് ഹസ്തദാനം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥ. കാരണം, പക്ഷി മൃഗാദികളില്‍ നിന്നാണ് ഈ വൈറസിന്റെ ഉല്‍ഭവമെങ്കിലും മനുഷ്യരിലേക്കിത് പടര്‍ന്നപ്പോള്‍ വൈറസിന്റെ വ്യാപകമായ പരകായ പ്രവേശം വളരെ എളുപ്പം. അങ്ങിനെ പ്രവേശിച്ചുകഴിഞ്ഞാല്‍ പിന്നെയത് പെട്ടെന്ന് പിടികൂടുന്നത് ശ്വാസകോശത്തെയും നാഡീവ്യൂഹങ്ങളെയും, പിന്നെ അനായാസേന മരണവും. ഈയൊരു സ്ഥിതിവിശേഷങ്ങളിലും തമ്മുടെ സംസ്ഥാനത്ത് സംഭവിച്ചത് പോലെ കോറൊണ ബാധിതര്‍ പലരും വേണ്ടത്ര ചികിത്സയും പരിചരണവും ലഭിച്ചാല്‍ അവരവരുടെ ഭാഗ്യം കൊണ്ടു കൂടിയാവാം മരണത്തെ അതിജീവിക്കുന്നുമുണ്ട്.ഏതായാലും ലോകം ജാഗ്രതയിലാണ്, അതോടൊപ്പം ആശങ്കയിലും. ഏതു രാജ്യത്തായാലും കൊറാണ ബാധിച്ച വിദേശരാജ്യങ്ങളില്‍ നിന്നുംവരുന്നവര്‍ക്ക് പ്രവേശന വിലക്കാണ്. ഗള്‍ഫ് പ്രവാസികള്‍ക്ക് ഇത് ബാധകമായതിനാല്‍ നാട്ടില്‍ വന്നവരും നാട്ടിലേക്ക് വരാനുദ്ദേശിച്ചവരുമൊക്കെ ദുരിതത്തിലാണ്. അതുവഴി സംസ്ഥാനത്തെ പൊതു സമൂഹത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി വരും എന്നുറപ്പ്.
ഇങ്ങിനെയൊക്കെ ആളുകള്‍ ആശങ്കയിലും ഭീതിയിലും കഴിയുമ്പോഴാണ് ചില സോഷ്യല്‍ മീഡിയ വങ്കന്‍മാരുടെ വക വ്യാജ സന്ദേശമഹോത്സവം. കോവിഡിനെപറ്റി ഉള്ളതും ഇല്ലാത്തതും പൊടിപ്പും തൊങ്ങലും വെച്ച് അവര്‍ ഓഡിയോയും വീഡിയോയുമാക്കി പോസ്റ്റ് ചെയ്യുന്നു. ഫലം ജനങ്ങളില്‍ അമിതമായ ഭീതിയും ആശങ്കയും ഉണ്ടാവുന്നു എന്നത് തന്നെ.നമ്മുടെ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഇതുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികള്‍ക്കും പരിചരണങ്ങള്‍ക്കുമൊക്കെ ചിട്ടയായ നടപടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു എന്നത് ആശ്വാസകരം തന്നെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍