തൃശൂരില്‍ 191 ആധുനിക സുരക്ഷാ ക്യാമറകള്‍ മൂന്നു മാസത്തിനുള്ളില്‍ സ്ഥാപിക്കും

തൃശൂര്‍: നഗരം കാമറ വലയത്താല്‍ സുരക്ഷിതമാകും. 150 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളും നമ്പര്‍ പ്ലേറ്റുകളും വരെ വ്യക്തമാകുന്ന 13 റിവോള്‍വിംഗ് കാമറകളും 178 സിസിടിവി കാമറകളും ഉള്‍പ്പെടെ 191 കാമറകളാണ് ആദ്യ ഘട്ടത്തില്‍ സ്ഥാപിക്കുക. 5.20 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര പൊതു മേഖല സ്ഥാപനമായ പാലക്കാട് ഐടിഐ കമ്പനി മൂന്ന് മാസ കാലയളവിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തീകരിക്കും. കാമറക്കണ്ണുകള്‍ തുറക്കുന്നതോടെ കോര്‍പറേഷന്‍ പരിധിയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍, മോഷണങ്ങള്‍, വാഹനങ്ങള്‍ ഇടിച്ചിട്ടു നിര്‍ത്താതെ പോകുന്ന സംഭവങ്ങള്‍, അക്രമസംഭവങ്ങള്‍ തുടങ്ങിയവയ്ക്ക് അറുതി വരുമെന്നാണ് പ്രതീക്ഷ പ്രധാന കവലകളിലാണ് 360 ഡിഗ്രി ചിത്രീകരണ സൗകര്യമുള്ള 13 പാന്‍ ടില്‍റ്റ് സൂം റിവോള്‍വിംഗ് കാമറകള്‍ സ്ഥാപിക്കുക. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡിംഗ് സുരക്ഷ സംവിധാനമാണിതിന്റെ പ്രത്യേകത. ഇതിലൂടെ രാത്രിയിലും പകലും രജിസ്‌ട്രേഷന്‍ നമ്പറുകള്‍ തിരിച്ചറിയാന്‍ സാധിക്കും. മറ്റിടങ്ങളില്‍ സിസിടിവി പോലെ പ്രവര്‍ത്തിക്കുന്ന 178 ബുള്ളറ്റ് ഫിക്‌സഡ് കാമറകളും സ്ഥാപിക്കും. കാമറകളുടെ നിരീക്ഷണം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിന്റെ കീഴിലാണ്. സിറ്റി പോലീസ് കമ്മീഷണറേറ്റാണ് പദ്ധതി തയാറാക്കി കോര്‍പറേഷനു സമര്‍പ്പിച്ചത്. സ്വരാജ് റൗണ്ടിലും പരിസര പ്രദേശങ്ങളിലുമായി 44 കാമറകള്‍ സ്ഥാപിക്കും. പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ കാമറകള്‍ പ്രവര്‍ത്തിപ്പിക്കാനും സംരക്ഷണം നല്‍കാനും സാങ്കേതിക കമ്മിറ്റിയെ നിയോഗിക്കും. ഇതോടെ മോഷണം, സംഘട്ടനം എന്നിവയെക്കുറിച്ചുള്ള ദൃശ്യ ശേഖരണം പോലീസിന് എളുപ്പമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍