രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്കു 14 ദിവസം നിരീക്ഷണം കര്‍ശനമാക്കി

 തിരുവനന്തപുരം: കോവിഡ് 19 രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ലക്ഷണങ്ങളില്ലെങ്കിലും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശരാജ്യങ്ങളില്‍ നിന്നെത്തി റിപ്പോര്‍ട്ട് ചെയ്യാത്തവരെ ജനമൈത്രി പോലീസിന്റെ സഹായത്തോടെ കണ്ടെത്തും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗ ലക്ഷണങ്ങളുള്ളവര്‍ സ്വമേധയാ ആശുപത്രിയില്‍ പോകരുത്. കണ്‍ട്രോള്‍ റൂമുകളില്‍ അറിയിച്ച് അവരുടെ നിര്‍ദേശപ്രകാരം വേണം ആശുപത്രിയിലെത്താന്‍. • വയോജനകേന്ദ്രങ്ങളിലുള്ളവരെ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം വേണം. രോഗലക്ഷണങ്ങളുള്ളവര്‍ മക്കളായാല്‍ പോലും അവിടങ്ങളില്‍ പോകരുത്. പഞ്ചായത്തുകള്‍, കുടുംബശ്രീകള്‍, ആശപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെ പ്രായമായവരുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കും. മാര്‍ച്ച് 31 വരെ എല്ലാവരും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം എല്ലാവരും പാലിക്കണം. വ്യാപാരം അടക്കം സ്തംഭിപ്പിക്കലല്ല, ആപത്ത് നിയന്ത്രിക്കാനാണു ശ്രമിക്കേണ്ടത്. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വീടുകളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പാക്കും.വിനോദസഞ്ചാരികളെ കൊറോണയുടെ പേരില്‍ ഏതെങ്കിലും തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.അതിഥി തൊഴിലാളികള്‍, വീടില്ലാത്തവര്‍ എന്നിവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ബോധവത്കരണവും പരിരക്ഷയും ഉറപ്പാക്കും. • വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാ കുറ്റമായി കണ്ട് കര്‍ശന നടപടി സ്വീകരിക്കും. പ്രവാസികള്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ വൈറസ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കാനും അവിടെ ജോലി നഷ്ടപ്പെടുന്നതും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍