ദേശീയപാതയിലെ കൊള്ള: പ്രതി 14 വര്‍ഷത്തിനുശേഷം പിടിയില്‍

കൊരട്ടി: പതിന്നാലു വര്‍ഷം മുന്‍പ് ഒരു കോടിയോളം രൂപയുടെ കൊള്ള നടത്തിയ സംഘത്തിലെ ഒളിവിലായിരുന്ന പ്രതിയെ കൊരട്ടി സിഐ ബാബു സെബാസ്റ്റ്യനും സംഘവും സാഹസികമായി പിടികൂടി. എറണാകുളം കളമശേരി മൂലേപ്പാടം സ്വദേശി ആയില്യം വീട്ടില്‍ പ്രദീപ്(46) ആണ് പിടിയിലായത്.മുരിങ്ങൂരില്‍ 2004 ലാണ് കേസിനാസ്പദമായ സംഭവം. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിലേക്കു കോഴിക്കോട് ശാഖയില്‍നിന്നു കൊണ്ടുവന്ന കറന്‍സിയും സ്വര്‍ണവും കാറുമാണ് ചോറ്റാനിക്കര സ്വദേശി വിശ്വനാഥനും സംഘവും കൊള്ളയടിച്ചത്. അന്നത്തെ ചാലക്കുടി സിഐയും സംഘവും ഇവരില്‍ ഏഴോളം പേരെ പിടികൂടിയെങ്കിലും പ്രദീപ് ഒളിവില്‍ കഴിയുകയായിരുന്നു.
ദീര്‍ഘനാളത്തെ അന്വേഷണ ഫലമായാണ് പ്രദീപിന്റെ എറണാകുളം സൗത്തിലെ ഒളിസങ്കേതം കണ്ടെത്തിയത്. വിവിധ സ്ഥലങ്ങളില്‍ ജോലിക്കു പോകുന്നതിനാല്‍ പ്രദേശത്തു നിരീക്ഷണം നടത്തി പ്രദീപിന്റെ നീക്കങ്ങള്‍ അറിഞ്ഞ് കഴിഞ്ഞദിവസം പിടികൂടുകയായിരുന്നു.ചോദ്യംചെയ്യലില്‍, സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അങ്കമാലി സ്വദേശി ശ്രീജുവിന്റെ സഹായത്തോടെ തന്റെ സുഹൃത്തായ ചോറ്റാനിക്കര സ്വദേശി വിശ്വനാഥനും അങ്കമാലിയിലും ആലുവയിലുമുള്ള വേറെ കുറച്ചുപേരും ചേര്‍ന്നു പദ്ധതി തയാറാക്കിയാണ് കൊള്ള നടത്തിയതെന്നു പ്രദീപ് സമ്മതിച്ചു. സംഘം സഞ്ചരിച്ചിരുന്ന ക്വാളിസ് വാഹനം ഓടിച്ചതു പ്രദീപായിരുന്നു.ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം തൃശൂര്‍ അതിവേഗ കോടതി ഏഴുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു. പ്രദീപിനെ പിടികൂടിയ സംഘത്തില്‍ കൊരട്ടി സബ് ഇന്‍സ്‌പെക്ടര്‍ രാമു ബാലചന്ദ്ര ബോസ്, സീനിയര്‍ സിപിഒമാരായ സിജു തോപ്പില്‍, വി.ആര്‍. രഞ്ജിത്, പി.എ. സലേഷ്, മുകേഷ്, ദിനേശന്‍ എന്നിവരും ഉണ്ടായിരുന്നു. പ്രദീപിനെ വൈദ്യപരിശോധനയും മറ്റും പൂര്‍ത്തിയാക്കി തൃശൂര്‍ അതിവേഗ കോടതി മുമ്പാകെ ഹാജരാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍