കൊറോണ :നിക്ഷേപകര്‍ക്കു നഷ്ടം 12 ലക്ഷം കോടി മുംബൈ/

ലണ്ടന്‍: കോവിഡ് 19 എന്ന കൊറോണ വൈറസ് വ്യാപനം ആഗോളതലത്തില്‍ സാന്പത്തിക മാന്ദ്യഭീതി വളര്‍ത്തുന്നു. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും രോഗബാധ ഉണ്ട്. ആഫ്രിക്കയില്‍ ദാരിദ്ര്യവും രോഗങ്ങളും ഏറ്റവും കൂടുതലുള്ള മേഖലകളില്‍ (സഹാറമരുഭൂമിക്കു തെക്കുള്ള പ്രദേശം) രോഗം എത്തി. വൈറസ് ബാധ നിയന്ത്രണത്തിലല്ല എന്നു വന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ സഞ്ചാര വിലക്ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് ആയിരത്തിലേറെപ്പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി.വ്യാഴാഴ്ച യൂറോപ്യന്‍, അമേരിക്കന്‍ ഓഹരി വിപണികള്‍ കുത്തനേ വീഴുകയായിരുന്നു. ഡൗജോണ്‍സ് സൂചിക ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന വീഴ്ചയായ 1190 പോയിന്റ് ഇടിവ് കുറിച്ചു. ഒരാഴ്ചകൊണ്ടു ഡൗ സൂചിക 3000 പോയിന്റ് നഷ്ടപ്പെടുത്തി. യൂറോപ്യന്‍ സൂചികകള്‍ മൂന്നു ശതമാനം ഇടിഞ്ഞു. ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരികളും കൂപ്പുകുത്തി.ഇതോടെ ഇന്ത്യന്‍ ഓഹരി വിപണിക്ക് ആറുദിവസം കൊണ്ട് 12 ലക്ഷം കോടി രൂപയായി നഷ്ടം. മൊത്തം വിപണി മൂല്യം 146.87 ലക്ഷം കോടി രൂപയായി താണു. വെള്ളിയാഴ്ച മാത്രം 5.45 ലക്ഷം കോടി രൂപ നഷ്ടമായി. ആഗോളതലത്തില്‍ വ്യാഴാഴ്ച രാത്രിയോടെ ഈയാഴ്ചത്തെ നഷ്ടം മൂന്നു ലക്ഷം കോടി ഡോളര്‍ (216 ലക്ഷം കോടി രൂപ) ആയി.വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് ഇന്ത്യന്‍ ഓഹരികള്‍ക്കു കൂടുതല്‍ ക്ഷീണമായത്. ഈയാഴ്ച മാത്രം 9389 കോടി രൂപയാണു വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്. ഈ ദിവസങ്ങളിലെ വിപണി തകര്‍ച്ച 2008ലെ വിപണി തകര്‍ച്ചയെ അനുസ്മരിപ്പിക്കുന്നതാണെന്നു ബ്രോക്കര്‍മാര്‍ പറഞ്ഞു. ഓഹരികളുടെ ഗുണദോഷങ്ങള്‍ നോക്കിയോ കന്പനികളുടെ ഭാവി സാധ്യതകള്‍ പരിഗണിച്ചോ അല്ല ഈ ദിവസങ്ങളില്‍ വിപണി നീങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍