ഇന്നു 10 പേരുടെ പരിശോധന ഫലം പുറത്ത് വന്നു; കൊറോണയില്ല

പത്തനംതിട്ട:പത്തനംതിട്ടയില്‍ കോവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം ലഭിച്ചു. എല്ലാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് വ്യക്തമാക്കി. രണ്ട് വയസുള്ള രണ്ട് കുട്ടികളടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. ലഭിക്കാനുള്ള 23 ഫലങ്ങളില്‍ 7 എണ്ണം ആവര്‍ത്തിച്ചുള്ള പരിശോധനക്ക് അയച്ചതാണെന്നും ഇതില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കലക്ടര്‍ പറഞ്ഞു.അതിനിടെ കോട്ടയത്ത് കോവിഡ് 19 സംശയത്തെ തുടര്‍ന്നു രണ്ടാം ഘട്ടത്തില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു. കൊറോണയല്ല, പക്ഷാഘാതമാണ് മരണ കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. ഇയാളുടെ സാമ്പിള്‍ കൊവിഡ് പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.കോവിഡിനെ തുടര്‍ന്നു ചെങ്ങളം സ്വദേശികളായ രണ്ട് പേര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.കണ്ണൂരില്‍ കോവിഡ്19 സ്ഥിരീകരിച്ച ആളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ അമ്മയും ഭാര്യയും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇയാളുമായി അടുത്ത് ഇടപഴകിയ ആളുകളെ കേന്ദ്രീകരിച്ചു സമ്പര്‍ക്കപ്പട്ടിക തയാറാക്കുകയാണ് ആരോഗ്യ വകുപ്പ്. ദുബായില്‍നിന്നു വന്ന കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കുമാണ് പുതുതായി കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍നിന്നു ദുബായ് അടക്കം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം തിരുവനന്തപുരത്തെത്തിയ ആള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശി സഞ്ചരിച്ചിരുന്ന വിമാനത്തിലാണ് ഇദ്ദേഹവും സഞ്ചരിച്ചിരുന്നതെന്നാണു സൂചന. ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.ഇതോടെ സംസ്ഥാനത്ത് 20 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ ചികിത്സയിലായിരുന്ന മൂന്നുപേര്‍ പൂര്‍ണസുഖം പ്രാപിച്ചു. 4,180 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 270 ആശുപത്രികളിലും 3910 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇതുവരെ പരിശോധനയ്യക്ക് അയച്ച 453 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. 65 പേര്‍ ഇന്നലെ മാത്രം ചികിത്സ തേടി.കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശിനിയായ വയോധികയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വാര്‍ധക്യ സഹജമായ വിവിധ രോഗങ്ങള്‍ അലട്ടുന്നതിനിടെയിലാണ് ഇറ്റലിയില്‍നിന്നു രോഗബാധിതരായി എത്തിയവരുമായുള്ള സമ്പര്‍ക്കത്തില്‍ ഇവര്‍ക്കും വൈറസ് ബാധ പിടിപെട്ടത്.കോട്ടയം മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണ വിഭാഗത്തില്‍ കഴിയവേ ഹൃദയാഘാതവും ശ്വാസതടസവും നേരിട്ടതിനാല്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്കു മാറ്റുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിനും ഹൃദയാഘാതം ഉണ്ടായെങ്കിലും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍