ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരേ പുതിയ പദ്ധതിയുമായി പോലീസ്

കോഴിക്കോട്: നഗര സുരക്ഷ ശക്തമാക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങള്‍ തടയുന്നതിനും വിവിധ വ്യാപാര സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതികള്‍ നടപ്പാക്കാന്‍ സിറ്റി പോലീസ്. ഇതിന്റെ ഭാഗമായി സിറ്റിയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പോലീസ് പരിശീലനം നല്‍കും. സംശയകരമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ എങ്ങിനെ പെട്ടെന്ന് പോലീസിനെ അറിയിക്കാം, അടിയന്തരമായി എന്തെല്ലാം ചെയ്യാം എന്നതടക്കമുള്ള കാര്യങ്ങളിലാണ് പരിശീലനം നല്‍കുക. കച്ചവട സ്ഥാപനങ്ങളില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കച്ചവട സ്ഥാപനങ്ങളിലെല്ലാം ഫയര്‍ എസ്റ്റിംഗ് ഷര്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഫയര്‍ഫോഴ്‌സുമായി ചേര്‍ന്ന് പരിശോധന നടത്തും.എല്ലാ കടയുടെയും മുന്നിലും പിന്നിലും രാത്രി സമയത്ത് ഒരു ലൈറ്റ് വീതം ഓണ്‍ ചെയ്തുവയ്ക്കാനും കടകള്‍ക്കുമുന്നില്‍ ഉടമയുടെ ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കും.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനാല്‍ ഇവരുടെ താമസ സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്താന്‍ മുഴുവന്‍ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കും.
മൊബൈല്‍ ഫോണില്‍ സംസാരിച്ചുള്ള ഡ്രൈവിംഗ്, നടപ്പാതക്ക് മുകളിലുള്ള വാഹന പാര്‍ക്കിംഗ് എന്നിവയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആര്‍ക്കും ചിത്രമോ ദൃശ്യമോ പകര്‍ത്തി 9497976009 എന്ന വാട്‌സ് ആപ് നമ്പറില്‍ അയയ്ക്കാം. സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു നഗരത്തിലെ മാളുകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ പെങ്കടുത്ത യോഗം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍