സ്വര്‍ണം വാങ്ങുമ്പോള്‍ നാലു ഹാള്‍ മാര്‍ക്കുകള്‍ ഉറപ്പാക്കണം: ഹാള്‍മാര്‍ക്കിംഗ് സെന്റേഴ്‌സ് അസോ.

കൊച്ചി: പുതിയ ഹാള്‍ മാര്‍ക്ക് നിയമം സ്വാഗതം ചെയ്ത് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഹാള്‍ മാര്‍ക്കിംഗ് സെന്റേഴ്‌സ് (ഐഎഎച്ച്‌സി). നിയമം പ്രാബല്യത്തില്‍ വരുന്ന 2021 ജനുവരി 15 മുതല്‍ രാജ്യത്തെവിടെയും ബിഐഎസ് ഹാള്‍ മാര്‍ക്ക് സ്വര്‍ണം മാത്രമാണു വില്‍ക്കാന്‍ കഴിയുക. ഇതോടെ രാജ്യത്തെ ഏതു വിപണിയില്‍നിന്നും സംശുദ്ധ സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്കാകും.
സ്വര്‍ണ ഉപഭോക്താക്കളുടെ അവകാശം പൂര്‍ണമായും സംരക്ഷിക്കുന്ന ഈ നിയമത്തെക്കുറിച്ചു കുപ്രചാരണങ്ങളും അടിസ്ഥാനരഹിതമായ ഒട്ടേറെ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് എം.എ. റഷീദ് ആവശ്യപ്പെട്ടു.
2000 ഏപ്രില്‍ 11നാണ് ഇന്ത്യയില്‍ ആദ്യമായി ഹാള്‍ മാര്‍ക്കിംഗ് നടപ്പിലാക്കിയത്. ആദ്യ ഹാള്‍ മാര്‍ക്കിംഗ് സെന്ററും ഹാള്‍ മാര്‍ക്ക്ഡ് ജ്വല്ലറികളും കേരളത്തിലാണ് വന്നതും. രാജ്യത്തെ 900 ഹാള്‍ മാര്‍ക്കിംഗ് സെന്ററുകളില്‍ 72 എണ്ണം കേരളത്തിലാണ്. കേരളത്തിലെ സ്വര്‍ണക്കടയുടെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ ഓരോ ഹാള്‍ മാര്‍ക്കിംഗ് സെന്റര്‍ ഉണ്ട്. കേരളത്തിലെ 14, 18, 22 എന്നീ കാരറ്റിലുള്ള സ്വര്‍ണമാണ് ഈ നിയമത്തിന്റെ പരിധിയില്‍ വില്‍ക്കേണ്ടത്. കേരളത്തില്‍ വില്‍ക്കുന്ന 80 ശതമാനം സ്വര്‍ണവും ബിഐഎസ് സര്‍ട്ടിഫൈഡ് 916 ആണ്. എത്ര പവനായാലും 40 രൂപയാണ് ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ്. ബിഐ എസ് ലോഗോ, പ്യൂരിറ്റി മാര്‍ക്കായ 22കെ916, ഹാള്‍ മാര്‍ക്ക് സെന്റര്‍ ലോഗോ, വില്‍ക്കുന്ന ജ്വല്ലറിയുടെ കോഡ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ നാല് ഹാള്‍ മാര്‍ക്ക് മുദ്രണം ചെയ്ത സ്വര്‍ണം വാങ്ങുന്നതിലൂടെ ഓരോ ഉപഭോക്താവിനും ലഭിക്കുന്നത് സ്വര്‍ണത്തിന്മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗാരന്റിയാണെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ഐഎഎച്ച്‌സി മുന്‍ സ്ഥാപക സെക്രട്ടറിയും രക്ഷാധികാരിയുമായ ജയിംസ് ജോസ്, കേരള ചാപ്റ്റര്‍ സെക്രട്ടറി സി.പി. ബഷീര്‍, ട്രഷറര്‍ അബ്ദുള്‍ അസീസ് എന്നിവര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍