ടൂറിസ്റ്റ് ബസുകളുടെ നിറംമാറ്റം അധിക സാമ്പത്തിക ബാധ്യത വരുത്തില്ലെന്നു മന്ത്രി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളില്‍ എസ്ടിഎ നിര്‍ദേശിക്കുന്ന നിറംമാറ്റം മൂലം ടൂറിസ്റ്റ് ബസ് ഉടമകള്‍ക്ക് അധികച്ചെലവ് വരുന്നുവെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാപരമല്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.
മാര്‍ച്ച് മാസം മുതല്‍ സംസ്ഥാനത്ത് പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് പുതിയ നിര്‍ദേശം ബാധകമാകുന്നത്. നിലവില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് അടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി വാഹനം പരിശോധനയ്ക്ക് ഹാജരാകുന്നതുവരെ നിലവിലെ നിറം തന്നെ തുടരാവുന്നതാണെന്നും മന്ത്രി അറിയിച്ചു.
വാഹനങ്ങള്‍ക്ക് ഇപ്പോള്‍തന്നെ പുതിയ കളര്‍കോഡ് പ്രകാരമുള്ള നിറം നല്‍കാം. വാഹനങ്ങള്‍ക്ക് ബേസിക് കളര്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ പെയിന്റിംഗ് സംബന്ധമായുള്ള ചെലവില്‍ വാഹന ഉടമകള്‍ക്ക് അറുപത് ശതമാനം വരെ കുറവ് വരും.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി വാഹനം ഹാജരാക്കുമ്പോള്‍ റീ പെയിന്റിംഗ് ആവശ്യമാണ്. ആ സമയത്ത് കളര്‍ കോഡ് പ്രകാരമുള്ള പെയിന്റിംഗ് നടത്തിയാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ സ്റ്റേജ് കാരിയേജ് ബസുകള്‍ക്ക് കളര്‍ കോഡ് ഏര്‍പ്പെടുത്തിയ സമയത്ത് ഉടമസ്ഥര്‍ക്ക് അധികബാധ്യത ഉണ്ടായിരുന്നില്ല. അതിനാല്‍ പരാതികളും ഉയര്‍ന്നിരുന്നില്ല. കൂടുതല്‍ ഉടമസ്ഥരും സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുകയായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍