കേന്ദ്രത്തിലേതു മാന്ദ്യം എന്ന വാക്ക് പോലും അംഗീകരിക്കാത്ത സര്‍ക്കാര്‍: മന്‍മോഹന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയാതെ എങ്ങനെ പരിഹരിക്കാനാകുമെന്നു മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗ്. ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാറിനു രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണു കടന്നുപോകുന്നതെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി.മാന്ദ്യം എന്നൊരു വാക്ക് പോലും അംഗീകരിക്കാത്ത ഒരു സര്‍ക്കാരാണു നമുക്കുള്ളത്. അഭിമുഖീകരിക്കുന്ന പ്രശ്‌നം തിരിച്ചറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കു വിശ്വസനീമായ ഒരുത്തരം കിട്ടില്ല. അതിനെ തിരുത്താനും പറ്റില്ല. അതാണ് യഥാര്‍ഥ അപകടം മന്‍മോഹന്‍ പറഞ്ഞു. കേന്ദ്രസംസ്ഥാന ധനക്കമ്മി ഒമ്പതു ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. അതു നല്ലതല്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ ദിശയിലാണ്. കാര്യമായ നികുതി പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. കര്‍ഷകരുടെ വരുമാനം അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നു പ്രതീക്ഷിക്കാന്‍ യാതാരു കാരണവുമില്ല. 2024-25ല്‍ അഞ്ചു ട്രില്യണ്‍ ഇക്കോണമി എന്നുള്ള കേന്ദ്ര സര്‍ക്കാര്‍ അവകാശവാദം വ്യാമോഹമാണെന്നും മന്‍മോഹന്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവു, പി. ചിദംബരം, മൊണ്ടേക് സിംഗ് തുടങ്ങിയവര്‍ നടത്തിയ ഉദാരീകരണ നയങ്ങളാണു രാജ്യത്തെ മുന്നോട്ടു നയിച്ചതെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. മുന്‍ ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയുടെ ബാക്ക്‌സ്റ്റേജ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുന്‍ പ്രധാനമന്ത്രി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍