കൊറോണ: മാസ്‌കുകളും പ്രതിരോധ സാമഗ്രികളും ഇല്ലാതെ വുഹാന്‍

ബെയ്ജിംഗ്: ഭീതി വിതച്ച് കൊറോണ വൈറസ് ചൈനയില്‍ പടരുമ്പോള്‍ ആവശ്യത്തിന് മാസ്‌കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാന്‍ നഗരം.സംഭരിച്ച ടണ്‍ കണക്കിന് മെഡിക്കല്‍ സാമഗ്രികള്‍ വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുമ്പോള്‍ റെഡ് ക്രോസിന്റെ ഏകോപനമില്ലായ്മായാണ് കാരണമെന്ന ആരോപണമാണ് ഉയരുന്നത്. കൊറോണ ബാധയുള്ളവരെ ചികിത്സിക്കുന്ന ഏഴ് ആശുപത്രികളാണ് വുഹാനിലുള്ളത്. ഇവിടെയെല്ലാം മെഡിക്കല്‍ സാമഗ്രികള്‍ക്ക് ക്ഷാമം നേരിടുകയാണ്. എന്നാല്‍ കൊറോണ ബാധിതരെ ചികിത്സിക്കാത്ത ആശുപത്രികളില്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നുണ്ട്. ജീവന്‍ പണയം വച്ച് തങ്ങള്‍ ജോലി ചെയ്യുമ്പോഴും റെഡ് ക്രോസിന്റെ ഏകോപനമില്ലായ്മയും കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവുമാണ് ഈ അവസ്ഥക്ക് കാരണമെന്ന ആരോപണമാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വസ്തുക്കള്‍ അര്‍ഹിക്കുന്ന കരങ്ങളിലെത്തിക്കാന്‍ റെഡ് ക്രോസിന് കഴിയുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. കൊറോണ ഭീതിയുള്ളതിനാല്‍ പ്രതിരോധവസ്തുക്കളുടെ വിതരണത്തിന് ആവശ്യത്തിന് സന്നദ്ധപ്രവര്‍ത്തകരെ കിട്ടാത്തതും തിരിച്ചടിയാണ്. രണ്ട് മില്യണ്‍ മാസ്‌ക്കുകള്‍ ശേഖരിച്ച റെഡ്‌ക്രോസിന് ഇതുവരെ രണ്ട് ലക്ഷം മാസ്‌ക്കുകള്‍ മാത്രമാണ് വിതരണം ചെയ്യാനായിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍