പ്രളയം: ലോകബാങ്ക് സഹായം വകയിരുത്തിയെങ്കിലും തുക വകുപ്പുകള്‍ക്കു കൈമാറിയിട്ടില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ലോകബാങ്ക് അനുവദിച്ച സഹായം വകുപ്പുകള്‍ക്കായി വകയിരുത്തിയിട്ടുണ്ടെങ്കിലും തുക കൈമാറിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.
വിശദ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്കു മാത്രമേ വകുപ്പുകള്‍ക്കു തുക കൈമാറേണ്ടതുള്ളു. ലോകബാങ്കിന്റെ ആദ്യഘട്ടമായി ലഭിച്ച 1,750 കോടി രൂപയുടെ സഹായം വിവിധ വകുപ്പുകള്‍ക്കായി വകയിരുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രളയ പുനര്‍ നിര്‍മാണത്തിന്റെ കാര്യത്തില്‍ രണ്ടു വര്‍ഷമായിട്ടും ചര്‍ച്ച മാത്രമേ നടക്കുന്നുള്ളുവെന്നും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പാളിയെന്നും ആരോപിച്ചു പ്രതിപക്ഷവും ബിജെപിയും നിയമസഭയില്‍ നിന്നു വാക്കൗട്ട് നടത്തി.
ലോകബാങ്ക് സഹായത്തിന്റെ രണ്ടാംഘട്ടം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകബാങ്കിന്റെ ആദ്യഘട്ട സഹായം വകമാറ്റിയതായി ഉയര്‍ന്ന ആരോപണം പ്രതിപക്ഷ നേതാവും വി.ഡി. സതീശനും ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2018ലെ മഹാപ്രളയത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക ലഭ്യമാണെങ്കിലും 2019ലെ പ്രളയവുമായി ബന്ധപ്പെട്ട പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക സംസ്ഥാന സര്‍ക്കാരിന്റെ പക്കലില്ല.
ഇക്കാര്യത്തില്‍ കേന്ദ്ര സഹായം കൂടിയേ തീരൂ. പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. മൂന്നു വര്‍ഷം കൊണ്ടു മാത്രമേ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ കഴിയൂകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
2019ല്‍ പൂര്‍ണമായി വീട് നഷ്ടപ്പെട്ടവരുടെ അന്തിമ പട്ടിക ജില്ലകളില്‍ തയാറാക്കാന്‍ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. പല ജില്ലകളിലും ഇതു പൂര്‍ത്തിയായി. ചിലയിടങ്ങളില്‍ അന്തിമ ഘട്ടത്തിലാണ്. ഒരു മാസത്തിനകം അന്തിമപട്ടിക തയാറാകും. ഇതുമായി ബന്ധപ്പെട്ട ആപ്പ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്.
അതിലൂടെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത സംവിധാനമുണ്ടാക്കി. അതിലൂടെ ക്യാമ്പുകളില്‍ താമസിച്ച ഒന്നര ലക്ഷം പേര്‍ക്കും ബന്ധുവീടുകളില്‍ താമസിച്ച ഒന്നര ലക്ഷം പേര്‍ക്കും അടിയന്തരമായി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നല്‍കി.
ഭാഗികമായി തകര്‍ന്ന വീടുകളുടെ കണക്കുകളും ആപ്പ് മുഖേനയാണ് എടുത്തത്. അതിലൂടെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ നഷ്ടപരിഹാരം നല്‍കുകയായിരുന്നു. 42,612 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി.
കേരള പുനര്‍നിര്‍മാണ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ മറ്റു ദേശീയവും രാജ്യാന്തര തലത്തിലുള്ളതുമായ ധനകാര്യ ഏജന്‍സികളുടെ പക്കല്‍നിന്നു വായ്പകളും സാമ്പത്തിക സാങ്കേതിക സഹായങ്ങളും ലഭിക്കുന്നതിനായി പരിശ്രമിക്കേണ്ടതുണ്ട്. മഹാപ്രളയത്തിനുശേഷം ദുരിതാശ്വാസ നിധിയിലേക്ക് 4,765.27 കോടി ലഭിച്ചു. ഇതില്‍ 2,630.68 കോടി രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തില്‍ എല്ലാം നഷ്ടമായവരുടെ പട്ടികപോലും തയാറാക്കാന്‍ 15 മാസമായിട്ടും സര്‍ക്കാരിനെക്കൊണ്ടു കഴിഞ്ഞിട്ടില്ലെന്നു അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.കെ. ബഷീര്‍ ആരോപിച്ചു. അന്താരാഷ്ട്ര തലത്തില്‍ കരിമ്പട്ടികയില്‍ പെടുത്തിയ കെപിഎംജിയെ കൊണ്ട് ആറു കോടി രൂപ നല്‍കി പട്ടിക തയാറാക്കാന്‍ ഏല്‍പിച്ചിരിക്കുകയാണെന്നു വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എം.കെ. മുനീര്‍, പി.ജെ. ജോസഫ്, അനുപ് ജേക്കബ്, ഒ, രാജഗോപാല്‍ എന്നിവരും പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍