എഴു രാജ്യങ്ങളില്‍ നിന്നുള്ളവരെ കൂടി രക്ഷിച്ച് ചൈനയിലെ ദൗത്യം പൂര്‍ത്തിയാക്കി വ്യോമസേനയുടെ ഇന്ത്യന്‍ വിമാനം മടങ്ങി

ന്യൂഡല്‍ഹി : കൊറോണ ബാധ പടര്‍ന്നു പിടിച്ച ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യ മൂന്നാമതും പൗരന്‍മാരെ രക്ഷപ്പെടുത്തി ഡല്‍ഹിയിലെത്തിച്ചു. ഇന്ത്യക്കാര്‍ക്കൊപ്പം മറ്റ് ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെയും ഇന്ത്യ രക്ഷപ്പെടുത്തി കൊണ്ടുവന്നിട്ടുണ്ട്. ആകെ 112 പേരെയാണ് വ്യോമസേനയുടെ ഭീമന്‍ ചരക്കു വിമാനമായ സി17 ഗ്‌ളോബ് മാസ്റ്ററില്‍ എത്തിച്ചത്. ഇന്ത്യക്കാര്‍ക്ക് പുറമേ ബംഗ്ലാദേശ്, മ്യാന്‍മര്‍, മാലി ദ്വീപ്, ദക്ഷിണാഫ്രിക്ക, അമേരിക്ക, മഡഗാസ്‌കര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് ഡല്‍ഹിയിലേക്കെത്തിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി അറിയിച്ചത് പ്രകാരം ചൈനയ്ക്ക് ആവശ്യമുള്ള മെഡിക്കല്‍ ഉപകരണവുമായിട്ടാണ് ചരക്കു വിമാനം കഴിഞ്ഞയാഴ്ച ചൈനയിലേക്ക് പറന്നത്. തിരികെ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യമുള്ള പൗരന്‍മാരെയും കൊണ്ടുവരാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ സേനാവിമാനത്തിന്റെ മടങ്ങിവരവ് ചൈന മനപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു. നയതന്ത്രതലത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ക്ലിയറന്‍സ് ലഭിച്ചത്. ഡല്‍ഹിയിലെത്തിച്ച യാത്രക്കാരെ പതിനാല് ദിവസം സേനയൊരുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ച് കൊറോണയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വിടുകയുള്ളു. മുന്‍പും രണ്ട് തവണ ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യ പൗരന്‍മാരെ ഒഴിപ്പിച്ചിരുന്നു. 647 ഇന്ത്യക്കാരെയും ഏഴ് മാലി പൗരന്‍മാരെയുമാണ് തിരികെ എത്തിച്ചത്. യാത്രാവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു രണ്ടു തവണയും ഇന്ത്യ ദൗത്യം നടത്തിയത്. ഈ മാസം പതിനേഴിനാണ് വ്യോമസേനയുടെ ചരക്ക് വിമാനമുപയോഗിച്ച് ചൈനയിലേക്ക് പ്രത്യേക ദൗത്യം നടത്തുമെന്ന് ഇന്ത്യ അറിയിച്ചത്. ചൈനയ്ക്ക് പിന്തുണ അറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി കത്തയക്കുകയും ചെയ്തിരുന്നു. അതേസമയം ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഈ മാസം അഞ്ചുമുതല്‍ കപ്പല്‍ ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുകയായിരുന്നു. കപ്പലില്‍ 119 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. കൊറോണ ബാധിച്ച് രണ്ടായിരത്തിലേറെ പേര്‍ ചൈനയില്‍ മരണപ്പെട്ടിരുന്നു. വാര്‍ത്താ മാദ്ധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള ചൈനയില്‍ നിന്നും വിവരങ്ങള്‍ പുറംലോകം അറിയുന്നതിന് താമസം നേരിടുന്നുണ്ട്. അതേ സമയം ചൈനയ്ക്കു പുറത്തുള്ള രാജ്യങ്ങളിലേക്കും കൊറോണ വൈറസ് പടരുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍