വിഴിഞ്ഞം തുറമുഖ കരാര്‍ കാലാവധി: പിഴ വ്യവസ്ഥയില്‍ ഇളവില്ലെന്ന് മന്ത്രി

തിരുവനന്തപുരം: കരാര്‍ കാലാവധി തീര്‍ന്നിട്ടും വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പിഴയീടാക്കുന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കിയിട്ടില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.
കരാര്‍ പ്രകാരം പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണം 2019 ഡിസംബര്‍ മൂന്നിന് പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. മൂന്ന് മാസം പിഴയില്ലാതെയും ആറുമാസം പിഴയോടുകൂടിയും ക്യൂറിംഗ് പിരീഡിന് കരാറില്‍ വ്യവസ്ഥയുണ്ട്. ഈ കാലാവധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനും പിഴ നല്‍കാന്‍ കമ്പനി തയാറായില്ലെങ്കില്‍ സര്‍ക്കാര്‍ കമ്പനിക്ക് നല്‍കേണ്ട തുകയില്‍ നിന്നും പിഴയീടാക്കും. നഷ്ടപരിഹാരം ഈടാക്കുന്നതില്‍ നിന്ന് കമ്പനിക്ക് ഒരു ഇളവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സാങ്കേതിക ബുദ്ധിമുട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമെന്നും എംഎല്‍എമാരായ വി.എസ്. ശിവകുമാര്‍, എം. വിന്‍സന്റ്, കെ.എസ്. ശബരീനാഥന്‍, ടി.ജെ. വിനോദ് എന്നിവരെ മന്ത്രി അറിയിച്ചു.
വിഴിഞ്ഞം പദ്ധതിക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തുന്നതിനായി 1,03,11,939 രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
പുലിമുട്ട് നിര്‍മാണം 20 ശതമാനം പൂര്‍ത്തിയായി. ആകെ പൂര്‍ത്തിയാക്കേണ്ടത് 3100 മീറ്റര്‍ മീറ്ററാണ്. ഡ്രെഡ്ജിംഗ് 40 ശതമാനം പൂര്‍ത്തിയായി. കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതിനുള്ള എട്ടു ക്രെയിനുകള്‍ക്ക് നിര്‍മാണ കരാര്‍ നല്‍കിയിട്ടുണ്ട്. നാല് ടഗ് ബോട്ടിലുകളില്‍ മൂന്നെണ്ണം പൂര്‍ത്തിയായി. മറ്റൊന്നിന്റെ നിര്‍മാണം പേുരാഗമിക്കുന്നു. 24 യാര്‍ഡ് ക്രെയിനുകള്‍ക്ക് നിര്‍മാണ കരാര്‍ നല്‍കിയിട്ടുണ്ട്. കണ്ടെയ്‌നര്‍ ബെര്‍ത്തിനായുള്ള പൈലിംഗ്, ബീമുകള്‍, സ്ലാബുകള്‍ എന്നിവയുടെ പ്രീ കാസ്റ്റിംഗ് ജോലികള്‍ ജോലികള്‍ പൂര്‍ത്തിയായി. കണ്ടെയ്‌നര്‍ യാര്‍ഡിനാവശ്യമായ പേവര്‍ ബ്ലോക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍