ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിരന്തരം പോരാടണം: ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായി ഭരണഘടനയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാണെന്നും അത് ചോദ്യം ചെയ്യാന്‍ ഓരോ പൗരനും അവകാശമുണ്ടെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മനുഷ്യാവകാശങ്ങളും ഭരണവും എന്ന വിഷയത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ സംഘടിപ്പിച്ച ഏകദിന പരിശീലനവും സംവാദവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിരന്തരം പോരാടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു നിയമ നിര്‍മാണത്തിലൂടെ ഒരാളുടെയെങ്കിലും മൗലികാവകാശം ലംഘിക്കപ്പെട്ടാല്‍ ആ നിയമം ഭരണഘടനാ വിരുദ്ധമായി കണക്കാക്കപ്പെടണമെന്ന് പൗരാവകാശങ്ങളും ഭരണവും എന്ന വിഷയത്തില്‍ സംസാരിച്ച സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ ഹരീഷ് വാസുദേവന്‍ പറഞ്ഞു.'സ്ത്രീകളും മനുഷ്യാവകാശങ്ങളും' എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ ഡോ രേഖാരാജ് സംസാരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായ പരിപാടിയില്‍ കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ ആമുഖ പ്രഭാഷണം നടത്തി.
സംവാദത്തില്‍ അഭിഭാഷകരായ ഐ സൗഫിയര്‍, കാസ്റ്റലസ് ജൂനിയര്‍, സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സി കെ പ്രദീപ് കുമാര്‍, കില ഡയറക്ടര്‍ ഡി സുധ, കില ലക്ചറര്‍ വി സുദേശന്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ് മോഡറേറ്ററായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍