ഗതാഗത ബോധവല്‍ക്കരണത്തിന് പുതിയ മേഖലകള്‍ കണ്ടെത്തി സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ്

കോഴിക്കോട്: ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും അവ പാലിക്കാതെ വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന നഗരമാണ് കോഴിക്കോട്. അത്തരക്കാര്‍ക്കുവേണ്ടി ട്രാഫിക് ബോധവല്‍ക്കരണത്തില്‍ പുതിയ തലങ്ങള്‍ കണ്ടെത്തുകയാണ് സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ്‌വിഭാഗം. കോഴിക്കോടിനെ ട്രാഫിക് സാക്ഷരതയുള്ള നഗരമാക്കി മാറ്റാനുള്ള പുതിയ പദ്ധതിയാണ് പ്രൊജക്ട് 2020 സെയ്ഫ് കോഴിക്കോട്. ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിയിലൂടെ 705 ആളുകള്‍ ഇതിനോടകം ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്തു. 90 പേരെ ഉള്‍ക്കൊള്ളാവുന്ന ക്ലാസില്‍ 5 പ്രൊജക്ടര്‍, എസി റൂം തുടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.
ജനങ്ങളില്‍ ട്രാഫിക് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടത് മറിച്ച് ട്രാഫിക് നിയമങ്ങളെപ്പറ്റിയുള്ള അവരുടെ മനോനിലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് വേണ്ടത് എന്ന ചിന്തയില്‍ നിന്നാണ് പ്രൊജക്ട് 2020 സെയ്ഫ് കോഴിക്കോട് എന്ന പ്രൊജക്ട് നടപ്പിലാക്കുന്നതെന്ന് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥനായ രഗീഷ് പറക്കോട് പറയുന്നു. സ്‌കൂളുകള്‍,റസിഡന്‍സ് അസോസിയേഷനുകള്‍,പവലിയനുകള്‍, വിവിധ ക്ലബ്ബുകള്‍ തുടങ്ങിയവയിലൂടെ നല്‍കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍,കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം,ടിക്‌ടോക് തുടങ്ങിയവയും പുതിയ പ്രൊജക്ടിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി നടത്തിയ ഓപ്പണ്‍ ക്വിസ്സിലെ വിജയിയ്ക്ക് കോഴിക്കോട് ക്ലബ്ബ് എഫ്എമ്മിന്റെ വക സമ്മാനവും നല്‍കും.
പ്രൊജക്ടിന്റെ അടുത്ത ഘട്ടമായി സര്‍ക്കാര്‍ ഓഫീസുകളുടെ മതില്‍ ട്രാഫിക് ബോധവല്‍ക്കരണത്തിനായി പ്രോയോജനപ്പെടുത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍