ആഷിഖ് അബുവിന്റെ പോസ്റ്റിനെതിരേ വീണ്ടും ഹൈബി ഈഡന്‍

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ കരുണ സംഗീത പരിപാടി ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കാന്‍ നടത്തിയതല്ലെന്ന സംവിധായകന്‍ ആഷിഖ് അബുവിന്റെ വാദം പൊളിച്ചുകൊണ്ടു ഹൈബി ഈഡന്‍ എംപി രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം കണ്ടെത്താന്‍ നടത്തുന്ന പരിപാടിക്ക് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘാടകന്‍ കൂടിയായ സംഗീത സംവിധായകന്‍ ബിജിപാല്‍ നല്‍കിയ കത്ത് പുറത്തുവന്നതോടെയാണു സംഭവം പുതിയ വിവാദത്തിലേക്കു കടന്നിരിക്കുന്നത്. ഒക്ടോബര്‍ 16 ന് ബിജിപാല്‍ നല്‍കിയ കത്തില്‍ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണെന്നു പറഞ്ഞിട്ടുണ്ടെന്നും അതുപ്രകാരം ആഷിഖ് അബുവിന്റെവാദം പച്ചക്കള്ളമാണെന്നു വ്യക്തമായെന്നും ഹൈബി ഈഡന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ കരുണയെന്നു പേരിട്ടു നടത്തിയ സംഗീത പരിപാടി തട്ടിപ്പായിരുന്നുവെന്നു ഹൈബി ഈഡന്‍ കഴിഞ്ഞദിവസം പോസ്റ്റിട്ടിരുന്നു. എന്നാല്‍, ദുരിതാശ്വാസഫണ്ട് സ്വരൂപിക്കാനായി നടത്തിയ പരിപാടിയല്ലെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കാന്‍ ഫൗണ്ടേഷന്‍ പിന്നീടു തീരുമാനിക്കുകയായിരുന്നുവെന്നും ആഷിഖ് അബു ഇതിനു മറുപടിയായി കുറിച്ചിരുന്നു. പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തെന്നു ചൂണ്ടിക്കാട്ടി പുറത്തുവിട്ട ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി 2020 ഫെബ്രുവരി 14 ആണ്. ആരോപണങ്ങളുണ്ടായതിനെത്തുടര്‍ന്നാണ് ഫണ്ട് കൈമാറിയതെന്ന് ഇതില്‍നിന്നു വ്യക്തം. ആഷിഖ് അബു മറുപടിയില്‍ പറയുന്നത് റീജണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തങ്ങളുടെ ആവശ്യം 'സ്‌നേഹപൂര്‍വം അംഗീകരിച്ചു' എന്നാണ് ബിജിപാലിന്റെ കത്തില്‍ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണെന്നു വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിനു ശേഷം പണം കൊടുത്തു തലയൂരിയ എം.എം. മണിയുടെ ശിഷ്യര്‍ക്കു പുതുമയല്ല ഇതെന്നും ഹൈബി വിമര്‍ശിക്കുന്നു. അതേസമയം, താന്‍ മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നു വ്യക്തമാക്കി ജില്ലാ കളക്ടര്‍ എസ്. സുഹാസ് ബിജിപാലിനു കത്തയച്ചു. അനുവാദമില്ലാതെ തന്റെ പേര് ദുരുപയോഗം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്നു കളക്ടര്‍ മുന്നറിയിപ്പും നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍