സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ നിര്‍മാണം സമയബന്ധിതമായി നടപ്പാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഭരണാനുമതി കിട്ടിയ സ്മാര്‍ട്ട് സിറ്റിയുടെ പല പദ്ധതികളും സാങ്കേതിക തടസങ്ങളുടെ പേരില്‍ നീണ്ടു പോകുന്നതിരെ മേയര്‍ കെ. ശ്രീകുമാര്‍ അതൃപ്തി രേഖപ്പെടുത്തി.
സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ ഇന്നലെ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് മേയര്‍ അതൃപ്തി അറിയിച്ചത്. വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന പദ്ധതികളില്‍ പലതും നീണ്ടുപോകുന്നത് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവം കൊണ്ടാണെന്നും യോഗത്തില്‍ മേയര്‍ വമര്‍ശനം ഉന്നയിച്ചു.
മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്മാര്‍ട്ട് സിറ്റി സിഇഒ ബാലകിരണ്‍ പദ്ധതികളുടെ പുരോഗതി വിശദീകരിച്ചു. 33 പദ്ധതികള്‍ക്കായി 1314 കോടി രൂപയുടെ വിശദമായ പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയാറായതായും 901.80 കോടി രൂപയുടെ 30 പദ്ധതികള്‍ക്ക് ഭരണാനുമതിയും 749.33 കോടി രൂപയുടെ 26 പദ്ധതികള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 291.96 കോടി രൂപയുടെ 17 പദ്ധതികള്‍ക്ക് ടെന്‍ഡര്‍ ലഭിക്കുകയും 187.49 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചതായും യോഗത്തില്‍ അറിയിച്ചു.
രാജാജി നഗറിലെ പ്രാഥമികാരോഗ്യ കേന്ദ്രം, അങ്കണവാടി, ആര്‍കെവി റോഡിലെ വെന്റിംഗ്‌സോണ്‍, നഗരസഭയിലെ ജനസൗഹൃദകേന്ദ്രത്തിന്റെ വിപുലീകരണം, ഫോര്‍ട്ട് ചരിത്രവീഥി പദ്ധതി എന്നിവ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കി. പദ്ധതികളുടെ പുരോഗതിയെക്കുറിച്ച് ദിവസവും റിപ്പോര്‍ട്ട് തയാറാക്കാനും ആഴ്ചയിലൊരിക്കല്‍ അവലോകന യോഗം ചേരാനും യോഗത്തില്‍ തീരുമാനിച്ചു.
നഗരാസൂത്രണകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍, മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം ജി. വിജയരാഘവന്‍, നഗരസഭാ സെക്രട്ടറി എല്‍. എസ്.ദീപ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍