തോട്ടം മേഖലയിലെ തൊഴിലാളികളെ കൂടി ഇഎസ്‌ഐ പരിധിയില്‍പ്പെടുത്തും: മന്ത്രി

കരുനാഗപ്പള്ളി: തോട്ടം മേഖലയിലെ തൊഴിലാളികളെക്കൂടി ഇ എസ് ഐ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെയും ഇ എസ് ഐ യുടെയും അനുവാദം ആവശ്യമാണ്. ഇക്കാര്യത്തില്‍ ഇ എസ് ഐ ഡയറക്ടര്‍ ജനറലിന് കത്തയച്ചുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. കുലശേഖരപുരം, പുത്തന്‍തെരുവിലെ ഇ എസ് ഐ ഐ ഡിസ്പന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാരിന്റെ കാലത്ത് ഇഎസ്‌ഐയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ മൂന്നര ലക്ഷം പേരുടെ വര്‍ധനവുണ്ടായി. ഇ എസ് ഐയെ തകര്‍ക്കാനുള്ള നീക്കങ്ങളും നടക്കുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെയാണ് നീങ്ങുന്നത്. പുതിയ ആശുപത്രികള്‍ സ്ഥാപിച്ചും ജീവനക്കാരെ നിയമിച്ചും മരുന്നുകള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയും ഇ എസ് ഐയെ ശക്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇ എസ് ഐ ആശുപത്രികളിലേക്ക് 103 ഇനം മരുന്നുകള്‍ മെഡിക്കല്‍ കോര്‍പ്പറേഷന്‍ വഴി വാങ്ങുന്നതിന് അനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു. എ എം ആരിഫ് എം പി മുഖ്യ പ്രഭാഷണം നടത്തി. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായി. ഇ എസ് ഐ വകുപ്പ് ഡയറക്ടര്‍ ഡോ. എം എസ് ഗീതാദേവി ജില്ലാ പഞ്ചായത്ത് പ്രസിഡ്ന്റ്‌സി രാധാമണി, ബ്ലോക്ക് പ്രസിഡന്റ് എ മജീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാര്‍, അനില്‍ എസ് കല്ലേലിഭാഗം, ടി കെ ശ്രീദേവി, സുജിതനാസര്‍, കെ പി ജോസ്, പി കെ മുരളീധരന്‍ നായര്‍, എം എസ് ഷൗക്കത്ത്, ഡോ. ആര്‍ ഇ ഗ്ലാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍