പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ തെലങ്കാന നിയമസഭ

 ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) തെലങ്കാന സംസ്ഥാന നിയമസഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അധ്യക്ഷനായ സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ മാതൃകയില്‍ പ്രമേയം പാസാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവനില്‍ ഏഴുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. മാര്‍ച്ച് ആദ്യ വാരം നടക്കാനിരിക്കുന്ന നിയമസഭയുടെ ബജറ്റ് സെഷനില്‍ പ്രമേയം പാസാക്കും. ഇന്ത്യന്‍ പൗരത്വം നല്‍കുന്നതില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കരുതെന്നും മന്ത്രിസഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. നിയമത്തിന് മുന്നില്‍ എല്ലാ മതങ്ങളെയും തുല്യമായി കാണണമെന്നും തെലങ്കാന മന്ത്രിസഭ അഭ്യര്‍ഥിച്ചു. 2019 ലെ പൗരത്വം ഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് മന്ത്രിസഭ ആവശ്യപ്പെട്ടു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുമ്പോള്‍ വിവേചനത്തിന് ഇടയാകുകയും അതുവഴി ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള മതേതരത്വം അപകടത്തിലാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) പാര്‍ലമെന്റില്‍ വോട്ട് ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍