രാജ്യത്ത് മരുന്ന് ക്ഷാമം : പൂട്ടിക്കിടക്കുന്ന മരുന്ന് നിര്‍മ്മാണ ശാലകള്‍ തുറക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള മരുന്നുകളുടെ അസംസ്‌കൃത വസ്തുക്കള്‍ക്ക് ക്ഷാമം നേരിട്ടതോടെ രാജ്യത്തെ മരുന്നു ഫാക്ടറികള്‍ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍സ് വിഭാഗം പദ്ധതി തയ്യാറാക്കുന്നു. മുമ്പ് മരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ നിരക്കില്‍ ചൈനയില്‍ നിന്ന് ഇവ ലഭിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയില്‍ നിന്നടക്കം പല ഔഷധ നിര്‍മാതാക്കളും ചൈനയെ ആശ്രയിക്കാന്‍ തുടങ്ങി. ഇതോടെ ഇവിടത്തെ നിര്‍മ്മാണശാലകള്‍ പൂട്ടിപ്പോയി. മരുന്നുകള്‍ക്കുള്ള സജീവ ചേരുവകള്‍ 70 ശതമാനവും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി ചെയ്യുന്നവയില്‍ പ്രധാനപ്പെട്ട 57 തരം അംസ്‌കൃത വസ്തുക്കളെയാണ് ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ തിരുമാനിച്ചിരിക്കുന്നത്.പുതിയൊരു പ്ലാന്റ് തുടങ്ങുന്നതിന് 150 200 കോടി വരെ ചെലവാകും. അതിലും ലാഭകരമാണ് പഴയ അംസ്‌കൃത മരുന്ന് നിര്‍മ്മാണ കേന്ദ്രങ്ങളെ നൂതന യന്ത്രങ്ങള്‍ അടക്കം സ്ഥാപിച്ച് പുനരുജ്ജീവിപ്പിക്കുന്നത്. ക്ഷാമം ഉണ്ടാവാന്‍ സാദ്ധ്യതയുള്ള മരുന്നുകളുടെ പട്ടിക കമ്ബനിക്കാര്‍ സര്‍ക്കാര്‍ സമിതിക്ക് കൈമാറി. പട്ടികയുടെ അടിസ്ഥാനത്തില്‍, നിലവില്‍ ജീവന്‍രക്ഷാമരുന്നുകള്‍ എത്രത്തോളമുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മരുന്നുകള്‍ എത്രത്തോളം ഉപയോഗിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ഒഫ് ഇന്ത്യ ഡോ. ഈശ്വര്‍ റെഡിയുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള മരുന്നു ചേരുവകളുടെ ഇറക്കുമതിയില്‍ കനത്ത ഇടിവുണ്ടായതോടെയാണ് രാജ്യത്ത് മരുന്നുകള്‍ക്ക് വില വര്‍ദ്ധിക്കുന്നത്. പാരസെറ്റാമോളിന്റെ വില 40 ശതമാനവും അണുബാധകള്‍ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക് അസിത്രോമൈസിന്റെ വില 70 ശതമാനവുമാണ് വര്‍ദ്ധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍