ട്രെയിനുകളിലെ മോഷണം: പിന്നില്‍ രണ്ടു സംഘങ്ങള്‍

കോഴിക്കോട്: ഒറ്റരാത്രിയില്‍ രണ്ടു ട്രെയിനുകളില്‍ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘമല്ലെന്ന് പ്രാഥമിക നിഗമനം. മോഷണം നടന്നത് ഒരേ സമയങ്ങളിലാണെങ്കിലും ഇതിനു പിന്നില്‍ വ്യത്യസ്ത സംഘങ്ങളാണുള്ളതെന്നാണ് സംശയിക്കുന്നത്. മോഷണരീതിയും മറ്റു തെളിവുകളും സംബന്ധിച്ചുള്ള പരിശോധനയിലാണ് റെയില്‍വേ പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവം നടന്നത് കേരളത്തിലാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകളും ലഭിച്ചിട്ടില്ലെന്ന് കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന പാലക്കാട് റെയില്‍വേ പോലീസ് ഡിവൈഎസ്പി് പറഞ്ഞു. കവര്‍ച്ച നടന്ന രണ്ടു ട്രെയിനുകളിലേയും യാത്രക്കാരുടെ വിവരങ്ങള്‍ റെയില്‍വേയോട് പോലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. അവധി ദിവസമായതിനാല്‍ പൂര്‍ണ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ഇന്ന് ഇത് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും റെയില്‍വേ പോലീസിന് കൈമാറും. തുടര്‍ന്ന് നേരത്തെ മോഷണ കേസുകളില്‍ പ്രതിയായവര്‍ യാത്ര ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കും. ജയിലില്‍ നിന്നിറങ്ങിയ പ്രതികളുടെ വിവരങ്ങളും അന്വേഷണസംഘം ഇതിനകം ശേഖരിച്ചിട്ടുണ്ട്. തിരുപ്പൂര്‍ മുതലുള്ള സിസിടിവികള്‍ ഇന്നലെ മുതല്‍ ശേഖരിച്ചിരുന്നു. ഇവ പരിശോധിച്ചു വരികയാണ്.
റെയില്‍വേസ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും സര്‍വീസ് നടത്തുന്ന ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. റെയില്‍വേസ്‌റ്റേഷനിലും സമീപത്തുമുള്ള ലോഡ്ജുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കുള്ള മലബാര്‍ എക്‌സ്പ്രസിലും ചെന്നൈമംഗലാപുരം സൂപ്പര്‍ ഫാസ്റ്റിലുമാണ് ശനിയാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍