അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല: ഗവര്‍ണര്‍

ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ വിയോജിപ്പ് ഒഴിവാക്കാന്‍ കഴിയാത്തതാണെങ്കിലും സ്വന്തം അഭിപ്രായം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഭൂഷണമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സാധാരണക്കാരുടെ ജീവിതം തടസപ്പെടുത്തുന്നത് ഒരുതരം തീവ്രവാദമാണെന്നും പൗരത്വ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാദില്‍ നടക്കുന്ന പ്രതിഷേധസമരത്തെ പരോക്ഷമായി സൂചിപ്പിച്ച് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി വിജ്ഞാന്‍ഭവനില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പാര്‍ലമെന്റില്‍ 'തീവ്രവാദം, നക്‌സലിസം: കാരണങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം നിലപാടുകള്‍ പ്രകാരം തീരുമാനമെടുക്കും വരെ ഒരു സ്ഥലത്തു നിന്ന് മാറില്ലെന്ന് പറയുന്നത് ഒരു തരം തീവ്രവാദമാണ്. കേരളത്തില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലും ഇതു തന്നെയാണ് കണ്ടത്. നേരത്തെ നിശ്ചയിച്ച പട്ടികയില്‍ ഇല്ലാത്ത ചിലര്‍ പ്രസംഗം തടസപ്പെടുത്തി മൈക്ക് തട്ടിയെടുത്ത് ചോദ്യങ്ങള്‍ ചോദിച്ചു. മറുപടി നല്‍കാന്‍ അവര്‍ അവസരം നല്‍കിയതുമില്ല. മറ്റുള്ളവര്‍ക്കും അവകാശമുണ്ടെന്ന് നാം തിരിച്ചറിയണം. അവരുടെ അവകാശങ്ങളെ ബഹുമാനിക്കാനും പഠിക്കണം ഗവര്‍ണര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍