ഹീമോഫീലിയ രോഗികള്‍ക്കു സൗജന്യ ചികിത്സയും മരുന്നും തുടരുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിലവില്‍ കാരുണ്യ പദ്ധതിയിലൂടെ ഹീമോഫീലിയ രോഗികള്‍ക്ക് നല്കുന്ന സൗജന്യ ചികിത്സയും മരുന്നും തുടരണമെന്നു പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. നിലവില്‍ ഹീമോഫീലിയ രോഗികള്‍ക്ക് നല്‍്കുന്ന സൗജന്യ ചികിത്സയും മരുന്നും മുടങ്ങില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയ്ക്ക് ഉറപ്പുനല്‍കി. പ്രതിപക്ഷത്തു നിന്നും എം. വിന്‍സെന്റ് ആണ് ഈ വിഷയം സബ്മിഷനായി ഉന്നയിച്ചത്. തുടര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം.കെ. മുനീര്‍ തുടങ്ങിയവരും മന്ത്രിയോട് ഹീമോഫീലിയ രോഗികളുടെ സ്ഥിതിയെക്കുറിച്ച് വിശദീകരിച്ചു. ഇപ്പോള്‍ കാരുണ്യ പദ്ധതിയില്‍ നിന്നാണ് ഇവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി.ഇത് മാര്‍ച്ച് 31വരെ മാത്രമേയുള്ളു. ഇതിനു ശേഷം മരുന്നും ചികിത്സയും സൗജന്യമായി ലഭ്യമാക്കും. ആശുപത്രിയില്‍ കിടക്കുന്നവര്‍ക്കേ പണം നല്‍കാവൂ എന്നതടക്കമുള്ള വ്യവസ്ഥകളുള്ളതിനാലാണ് കാസ്പ് പദ്ധതിയില്‍ ഹീമോഫീലിയ രോഗികളെ ഉള്‍പ്പെടുത്താന്‍ കഴിയാത്തത്. ഇതിന് പരിഹാരമായാണ് കാസ്പ് പ്ലസില്‍ നിന്ന് സഹായം നല്‍കുന്നത്. ഹീമോഫീലിയ രോഗികള്‍ക്കാവശ്യമായ രക്തഘടകങ്ങളുടെ കരുതല്‍ ശേഖരം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലുണ്ട്. ഹീമോഫീലിയ രോഗികള്‍ക്ക് രക്തഘടകങ്ങള്‍ നല്‍കാന്‍ പ്രതിമാസം 2.75 കോടി ചെലവുണ്ട്. കഴിഞ്ഞവര്‍ഷം 84.11കോടി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് അനുവദിച്ചു. 1058 രോഗികള്‍ക്കാണ് നിലവില്‍ രക്തഘടകങ്ങള്‍ നല്‍കുന്നത്. ഹീമോഫീലിയ രോഗികളുടെ ചികിത്സയ്ക്ക് സമഗ്രപദ്ധതിയുണ്ടാക്കാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍