ക്ഷീര വികസന രംഗത്ത് കേരളത്തിന്റെ ഇടപെടല്‍ പ്രശംസനീയം: ഗവര്‍ണര്‍

തിരുവനന്തപുരം: ക്ഷീര വികസനരംഗത്തെ കേരളത്തിന്റെ ഇടപെടല്‍ പ്രശംസനീയമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്ഷീര വികസന സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ വില നല്‍കി പാല്‍ സംഭരിക്കുന്നത് കേരളത്തിലാണ്. ഡോ. വര്‍ഗീസ് കുര്യന്‍ നടപ്പാക്കിയ ധവളവിപ്ലവ മാതൃകയുടെ തുടര്‍ച്ച സ്ഥിരതയോടെയാണ് കേരളത്തില്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവാണ് ക്ഷീരമേഖല നടത്തുന്നത്. പാലില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും കൂടുതല്‍ യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുകയും വേണമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ക്ഷീരവികസന മന്ത്രി കെ.രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ ആനന്ദ് മാതൃക ക്ഷീരസംഘങ്ങളുടെ ഭാവി എന്നതായിരുന്നു ഓപ്പണ്‍ ഫോറത്തിന്റെ വിഷയം. ആര്‍സിഇപി കരാര്‍ യാഥാര്‍ഥ്യമായാല്‍ ചെറുകിട സംരഭങ്ങളുടെ മേല്‍ കുത്തകകള്‍ ആധിപത്യം സാഥിപിക്കാന്‍ ശ്രമിക്കുന്നത് വലിയ വെല്ലുവിളിയാകുമെന്ന് മുന്‍ എംപി പി.രാജീവ് പറഞ്ഞു.വിദേശരാജ്യങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന പാലിന് 20 രൂപ മാത്രമുള്ളതിനാല്‍ പാല്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയാല്‍ ഇന്ത്യയിലെ 15 കോടി ക്ഷീരകര്‍ഷകരുടെ സ്ഥിതി ദയനീയമാകുമെന്ന് വെറ്ററിനറി സര്‍വകലാശാല ഡീന്‍ ഡോ. സുധീര്‍ബാബു പറഞ്ഞു. എംപിമാരായ ഡോ.വല്ലഭായി കത്രിയ, ബിനോയ് വിശ്വം , നാഷണല്‍ കോഓപ്പറേറ്റീവ് ഡെയറി ഫെഡറേഷന്‍ ചെയര്‍മാന്‍ മംഗല്‍ജിത്ത് റായ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ.സിംഗ്, മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. രാജന്‍ എന്നിവര്‍ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍