ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവൃത്തിസമയം പുന:ക്രമീകരിക്കുന്നതു പരിഗണനയില്‍: കെ.ടി. ജലീല്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെയാക്കി പുന:ക്രമീകരിക്കുന്നത് പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. അധ്യാപക, വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. വഴുതക്കാട് സര്‍ക്കാര്‍ വനിത കോളജില്‍ ഇംഗ്ലീഷ് ഓണേഴ്‌സ് ബ്ലോക്കിന്റെയും നവീകരിച്ച പൈതൃക കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഠനസമയം ക്രമീകരിക്കുന്നതിലൂടെ കുട്ടികള്‍ക്കു കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സമയം ലഭിക്കും. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയിലേര്‍പ്പെടാനാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സര്‍വകാലാശാലകളിലും പരീക്ഷകള്‍ ഒരേ സമയം നടത്തും. ഫലപ്രഖ്യാപനവും ഒരേ ദിവസമാക്കും. ഇതിലൂടെ അഡ്മിഷന്‍ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകളൊഴിവാക്കാനാകും. അടുത്ത അധ്യയന വര്‍ഷം ബിരുദ ബിരുദാനന്തര ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍വകലാശാലകളിലും കോളജുകളിലും ഇന്റേണല്‍ അസെസ്‌മെന്റിനു മിനിമം മാര്‍ക്ക് വേണമെന്ന നിബന്ധന ഒഴിവാക്കുന്നതും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ഭരണകൂടവും ഒരുമിച്ചു നില്‍ക്കണം. തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളജില്‍ ബിരുദാനന്തര ബിരുദം ഇല്ലാത്ത രണ്ടു കോഴ്‌സുകള്‍ക്ക് അത് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.നാലു കോടി രൂപയിലേറെ ചെലവഴിച്ച് ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലാണ് ഇംഗ്ലീഷ് ഓണേഴ്‌സ് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ 1.35 കോടി രൂപ ചെലവഴിച്ചാണ് 125 വര്‍ഷത്തോളം പഴക്കമുള്ള കോളജിലെ പൈതൃക കെട്ടിടം നവീകരിച്ചത്. ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജി.ശങ്കറിന് മന്ത്രി ഉപഹാരം നല്‍കി. നഗരസഭ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷത വഹിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വി.വിഘ്‌നേശ്വരി, പ്രിന്‍സിപ്പല്‍ ഡോ.ജി. വിജയലക്ഷ്മി, കോളജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഗായത്രി പ്രഭ, പിടിഎ വൈസ് പ്രസിഡന്റ് എസ്. സുബ്രഹ്മണ്യം തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍