പൗരത്വ പ്രക്ഷോഭം; ചാകാന്‍ വരുന്നവരെ രക്ഷിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ:കഴിഞ്ഞ ഡിസംബറില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമത്തിന് ഇടയാക്കിയിരുന്നു. നിരവധി പേര്‍ക്ക് ഈ അക്രമങ്ങളില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഈ മരണങ്ങളെ കുറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സംസ്ഥാന നിയമസഭയില്‍ നടത്തിയ പ്രസ്താവന വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. 'ആരെങ്കിലും മരിക്കാനുള്ള ഉദ്ദേശ്യത്തോടെ വരുന്നുണ്ടെങ്കില്‍, ആ വ്യക്തി പിന്നെയെങ്ങനെ ജീവിച്ചിരിക്കും' എന്നായിരുന്നു അക്രമങ്ങള്‍ക്കിടെയുണ്ടായ 20 ഓളം മരണങ്ങളെക്കുറിച്ച് യോഗി ആദിത്യനാഥ് പറഞ്ഞത്. ''പൊലീസ് വെടിവെപ്പില്‍ ആരും മരിച്ചിട്ടില്ല. കലാപകാരികളില്‍ നിന്നുള്ള വെടിയുണ്ടകളേറ്റാണ് ഇവരെല്ലാം മരിച്ചത്. ആളുകളെ വെടിവച്ചു കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ആരെങ്കിലും തെരുവിലിറങ്ങിയാല്‍ ഒന്നുകില്‍ അയാള്‍ മരിക്കുകയോ പൊലീസുകാര്‍ മരിക്കുകയോ ചെയ്യുമെന്ന്'' മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെയും ആദിത്യനാഥ് പ്രസംഗത്തിനിടെ ഉന്നംവെച്ചു. മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പീഡനത്തിനിരയാകുന്ന അമുസ്‌ലിംകളായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന പ്രക്രിയ അതിവേഗത്തിലാക്കിയതോടെ സി.എ.എക്കെതിരെ ലഖ്‌നൗ, കാണ്‍പൂര്‍, പ്രയാഗ്രാജ് എന്നിവിടങ്ങളില്‍ നിരന്തരം പ്രതിഷേധം ഉയരുകയാണ്. 'ആസാദി മുദ്രാവാക്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. എന്താണ് 'ആസാദി' ജിന്നയുടെ (മുഹമ്മദ് അലി ജിന്ന) സ്വപ്‌നത്തിനായി നാം പ്രവര്‍ത്തിക്കണോ അതോ ഗാന്ധിയുടെ സ്വപ്‌നത്തിനായാണോ നാം പ്രവര്‍ത്തിക്കേണ്ടത് ഡിസംബറിലെ അക്രമത്തിനു പിന്നാലെ പൊലീസിന്റെ നടപടികളെ പ്രശംസിക്കണം. സംസ്ഥാനത്ത് കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി യോഗി പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ യു.പി മുഖ്യമന്ത്രി, തന്റെ സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്കെതിരല്ലെന്നും അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായി രംഗത്തുണ്ടാകുമെന്നും അവകാശപ്പെട്ടു. പൊലീസ് വെടിവയ്പ്പ് മൂലം സംസ്ഥാനത്ത് മരണമുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊലീസ് തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് വെടിവയ്പ്പ് നടത്തിയതായി പ്രാദേശിക പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ട രണ്ട് പ്രതിഷേധക്കാരില്‍ ഒരാള്‍ പൊലീസ് വെടിവയ്പിലാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍