തെരഞ്ഞെടുപ്പുകളിലെ പങ്കാളിത്തം പൗരന്റെ കടമ : ടോവിനോ തോമസ്

മാനന്തവാടി: തെരഞ്ഞെടുപ്പുകളിലെ പങ്കാളിത്തം പൗരന്റെ കടമയാണെന്നു സിനിമാതാരം ടൊവിനോ തോമസ്. സമ്മതിദായകരുടെ ദേശീയ ദിനത്തോടനുബന്ധിച്ച് മേരിമാതാ കോളജില്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാളത്തെ ഇന്ത്യയെ പടുത്തുയര്‍ത്തുന്നത് പുതുതലമുറ വോട്ടര്‍മാരാണ്. വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ ഓരോ വ്യക്തിയും രാഷ്ട്ര നിര്‍മിതിയില്‍ പങ്കാളിയാവുകയാണെന്നും ടൊവിനോ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനവും പ്രോത്സാഹനവും പൊതുജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയബോധം സൃഷ്ടിക്കാന്‍ ഉതകുന്നുണ്ടെന്നു അവര്‍ പറഞ്ഞു. സമ്മതിദായക പ്രതിജ്ഞ അവര്‍ ചൊല്ലിക്കൊടുത്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ജയപ്രകാശന്‍, തഹസില്‍ദാര്‍ എന്‍.ഐ. ഷാജു, കോളജ് പ്രിന്‍സിപ്പല്‍ മരിയ മാര്‍ട്ടിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.സബ്കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് മുതിര്‍ന്ന വോട്ടറെ പൊന്നാട അണിഞ്ഞ് ആദരിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ പുരസ്‌കാരം നേടിയ ക്യാപ്റ്റന്‍ ഡോ.രാജീവ് തോമസിനെ ആദരിച്ചു. താലൂക്കുതല കത്തെഴുത്ത്, ക്വിസ് മത്സര വിജയികള്‍ക്കുളള സമ്മാനം എഡിഎം തങ്കച്ചന്‍ ആന്റണി വിതരണം ചെയ്തു. റവന്യൂ വകുപ്പ് മേരിമാതാ കോളജില്‍ നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍