വനിതകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകള്‍ക്കെതിരായ അതിക്രമ 
കേസുകള്‍ വര്‍ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വനിതകള്‍ക്കിടയില്‍ നടത്തിയ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൂടുതലായി ലഭിച്ചു തുടങ്ങിയത്.
സംസ്ഥാന പോലീസില്‍ വനിതകളുടെ എണ്ണം 15 ശതമാനമായി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷിക്കുമെന്നും വ്യക്തമാക്കി.
വനിതാ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകളും പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വനിതാ കമ്മീഷന് എതിരായ ആരോപണങ്ങള്‍ കുശുമ്പുകൊണ്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഷാനിമോള്‍ ഉസ്മാന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍