സംസ്ഥാനത്ത് ബഹിരാകാശ വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷം : മുഖ്യമന്ത്രി

 തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ നഗരമായി തിരുവനന്തപുരത്തെ ഉയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹിരാകാശ സങ്കേതികവിദ്യകളിലൂടെ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ദൗത്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി നവ ബഹിരാകാശം അവസരങ്ങളും മുന്നോട്ടുള്ള വഴികളും എന്ന സ്‌പെയ്‌സ് പാര്‍ക്കിന്റെ 'എഡ്ജ് 2020' ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി .ബഹിരാകാശ വ്യവസായത്തിന് അനുകൂലമായ മികച്ച അന്തരീക്ഷമാണ് സംസ്ഥാനത്തിന്റേത്. ഐ.എസ്.ആര്‍.ഒയുടെ ശാസ്ത്രസങ്കേതിക പ്രവര്‍ത്തനങ്ങളുടെ പകുതിയോളം നടക്കുന്നത് തിരുവനന്തപുരത്താണ്. കൂടാതെ രാജ്യത്തെ ഏക ബഹിരാകാശ സര്‍വകലാശാലയുടെ സാന്നിദ്ധ്യവും ഇവിടെയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിനു കീഴിലുള്ളതാണ് സ്‌പെയ്‌സ് പാര്‍ക്ക്. ബഹിരാകാശവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ, ഗവേഷണം, വികസനം എന്നിവയ്ക്കുള്ള സുപ്രധാന കേന്ദ്രമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ കാതറിന്‍ സുവാര്‍ഡ്, യു.എ.ഇ കോണ്‍സുലേറ്റ് പ്രതിനിധി റാഷദ് ഖമീസ് അല്‍ഷെമേലി, ബ്രിട്ടീഷ് ഹൈക്കമ്മിഷനിലെ സയന്‍സ് ആന്‍ഡ് ഇന്നവേഷന്‍ മേധാവി സാറാ ഫലോണ്‍, വി.എസ്.എസ്. സി ഡെപ്യൂട്ടി ഡയറക്ടര്‍ റോയ് എം. ചെറിയാന്‍ എന്നിവരും കോവളം റാവീസ് ബീച്ച് റിസോര്‍ട്ടില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍