രാജ്യത്തെ സ്ഥിതി ആശങ്കാജനകം, ന്യൂനപക്ഷങ്ങളെ ഒപ്പംകൂട്ടൂ; കേന്ദ്രത്തോട് സഖ്യകക്ഷി

അമൃത്സര്‍: മതത്തിന്റെ അടിസ്ഥാനത്തില്‍ പക്ഷം ചേരരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍. രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ തുടരവെയാണ് അകാലിദളിന്റെ മുതിര്‍ന്ന നേതാവ് പ്രകാശ് സിംഗ് ബാദലിന്റെ മുന്നറിയിപ്പ്. രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ അത്ര മെച്ചമല്ല. ഇത് ആശങ്കാജനകമാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കേണ്ടതുണ്ട്. ഒരു സര്‍ക്കാരിനു വിജയകരമായി മുന്നോട്ടുപോകണമെങ്കില്‍ ന്യൂനപക്ഷങ്ങളെയും ഒപ്പംകൂട്ടിയേ തീരൂ. ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കൊക്കെ ഈ കുടുംബത്തിന്റെ ഭാഗമാണെന്നു തോന്നലുണ്ടാകണം. അവര്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുതെന്നും ബാദല്‍ അമൃത്സറില്‍ പറഞ്ഞു.രാജ്യത്തിന് മതേതരവും ജനാധിപത്യപരവുമായ ഭരണമാണ് ഉണ്ടായിരിക്കേണ്ടതെന്നു ഭരണഘടനയില്‍ എഴുതിയിട്ടുണ്ട്. മതേതരത്വത്തിന്റെ പവിത്രമായ തത്ത്വങ്ങളില്‍നിന്നു വ്യതിചലിക്കുന്നത് നമ്മുടെ രാജ്യത്തെ ദുര്‍ബലപ്പെടുത്തും. ഇന്ത്യയെ ഒരു മതേതര ജനാധിപത്യമായി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും ബാദല്‍ പറഞ്ഞു. നിലവില്‍ ബിജെപിയും അകാലിദളും തമ്മില്‍ അത്ര ചേര്‍ച്ചയിലല്ല. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സഖ്യകക്ഷിയായ അകാലിദള്‍ തീരുമാനിച്ചിരുന്നു. സീറ്റ് തര്‍ക്കമായിരുന്നു കാരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍