നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ മൊഴി നല്‍കാനെത്തുന്നത് വിവാഹ മോചനക്കേസ് നടന്ന കോടതിയില്‍

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ മൊഴി നല്‍കാന്‍ എത്തുന്നത് 5 വര്‍ഷം മുമ്പ് ഇവര്‍ വിവാഹ മോചനം നേടിയ അതേ കോടതിയില്‍. അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയാണ് ഇപ്പോള്‍ ഈ കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സി.ബി.ഐ കോടതി എന്നതാണ് ആകസ്മികത. 2015 ജനുവരി 31ന് ഇവിടെ നിന്നാണ് നിറ കണ്ണുകളോടെ മഞ്ജു വിവാഹമോചന നടപടി പൂര്‍ത്തിയാക്കി ഇറങ്ങിയത്. കലൂരിലെ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് മഹരാജാസ് കോളജിന് സമീപം പുതിയ കോടതി സമുച്ചയത്തിലേക്ക് മാറ്റി. ഇതോടെ കുടുംബ കോടതി പ്രവര്‍ത്തിച്ച മുറി എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാക്കി മാറ്റി. നടിയെ അക്രമിച്ച കേസിന്റെ വിചാരണ സെഷന്‍സ് കോടതിയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ വനിതാ ജഡ്ജിയുള്ള കോടതി വേണമെന്ന ഇരയായ നടി ആവശ്യമുന്നയിച്ചു. തുടര്‍ന്ന് സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിക്കു മുന്നില്‍ കേസെത്തി. 27 നാണ് മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം നടക്കുക. മുന്‍ ഭര്‍ത്താവിനെതിരായ കേസില്‍ സാക്ഷിയായി മഞ്ജു ഇതേ കോടതിയില്‍ വീണ്ടും എത്തുന്നത് തികച്ചും യാദൃശ്ചികമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍