ട്രംപും മോദിയും പിന്നെ ഇന്ത്യയും

അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ഒന്നാം പാര്‍വ്വം കഴിഞ്ഞ് രണ്ടാ പര്‍വ്വത്തിനുവേണ്ടി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ഡൊണാല്‍ഡ് ട്രംപ് കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ആഘോഷപൂര്‍വം ഇന്ത്യയില്‍ ഔദ്യോഗിക പര്യടനം നടത്തി, ഇന്നലെ രാത്രി തന്റെ എയര്‍ ഫോര്‍ഴ്‌സ് വണ്‍ എന്ന കൂറ്റന്‍ ആകാശക്കപ്പലില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു പറന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ പരിവാര സമേതമുള്ള വരവും പോക്കും ഇവിടത്തെ ശരീരഭാഷയും വാമൊഴികളുമൊക്കെ കണ്ടിട്ടും കേട്ടിട്ടും തോന്നുന്നത് ട്രംപിന്റെ അടുത്ത ഊഴത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം അഹമ്മദാബാദിലും ഡല്‍ഹിയിലും വെച്ച് തുടങ്ങി എന്നാണ്. അമേരിക്കന്‍ നിയമ നിര്‍മാണ സഭകളില്‍ തനിക്കെതിരെ വന്ന ഒരു ഇംപീച്ച്‌മെന്റ് പ്രമേയത്തിന്റെയും അതിലടങ്ങിയ ആരോപണങ്ങളുടെയും ചര്‍വിത ചര്‍വണങ്ങള്‍ക്ക്‌ശേഷം രാഷ്ട്രീയ കാരണങ്ങളാല്‍ കഷ്ടിച്ച് രക്ഷപ്പെട്ട് കടന്നുകൂടിയ ട്രംപാണ് ഈ ഇന്ത്യാ മഹാരാജ്യത്ത് വന്നുപോയത് എന്ന് കൂടി ഓര്‍ക്കുക. തെരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെയും വംശജരുടെയും പിന്തുണ താന്‍ ഏതാണ്ടുറപ്പിച്ചു കഴിഞ്ഞു എന്നദ്ദേഹം സ്വയംവിലയിരുത്തുന്നുണ്ടാവാം. ഇന്ത്യന്‍ ഉപ ഭൂവില്‍ ഈ സന്ദര്‍ശനത്തിന് എത്ര പൊടിച്ചു, ഗുജറാത്തിലെ ചേരി പ്രദേശങ്ങള്‍ ലോകരാജാവിന്റെ കണ്ണില്‍ നിന്നും മറക്കാന്‍ എത്ര പാവപ്പെട്ടവര്‍ യാനതകളനുഭവിച്ചു എന്നൊന്നും നമ്മുടെ രാജ്യത്തിന്റെ ഉടയവരോടൊന്നും ചോദിച്ചേക്കരുത്. വി.വി.ഐ.പി. സന്ദര്‍ശനമാവുമ്പോള്‍ ചിലവുകളെ സംബന്ധിച്ച് നമ്മുടെ രാജ്യത്ത് ഓഡിറ്റ് നിയമങ്ങള്‍ പോലും കര്‍ക്കശമല്ല. അഹമ്മദാബാദിലെ റോഡ് ഷോയും നമസ്‌തേ ട്രംപ് പരിപാടിയുമൊക്കെ ഗംഭീരമായിരുന്നു. അവിടെ വന്ന് നിറഞ്ഞത് ഇന്ത്യന്‍ പൊതു സമൂഹത്തിന്റെ അനുഛേദമാണോ അതോ പരിശീലനം നല്‍കപ്പെട്ട പാര്‍ട്ടിക്കാരാണോ എന്നാര്‍ക്കറിയാം. എന്നാല്‍ ട്രംപിന്റെ ഒരു കോടിയുടെ കണക്ക് എത്രനോക്കിയിട്ടും ശരിയാവുന്നുമില്ല. പൊതുപരിപാടിയില്‍ ട്രംപ് നമ്മുടെ പ്രധാനമന്ത്രിയെ കണക്കറ്റ് പ്രശംസിച്ചും. തിരിച്ചും അങ്ങിനെ. അതൊക്കെ കാണാനും കേള്‍ക്കാനും നല്ല ചേല് തന്നെ. എന്നാലീ സന്ദര്‍ശനം കൊണ്ട് ഇന്ത്യക്കെന്തെങ്കിലും ഗുണുണ്ടായോ എന്നു ചോദിച്ചാല്‍ അമേരിക്കക്ക് ഗുണമുണ്ടായി എന്ന് പറയേണ്ടി വരും.22000 കോടിയുടെ ആയുധ വ്യാപാരക്കരാര്‍ ഇന്ത്യയുമായി അവര്‍ ഒപ്പിട്ടു.ഇന്ത്യയെപ്പോലെ ഇങ്ങിനെ പത്ത് രാജ്യങ്ങളെ കിട്ടിയാല്‍ അവരുടെ ആയുധ വ്യാപാരം ലാഭത്തില്‍ നിന്ന് ലാഭത്തിലേക്ക് കുതിക്കും.എന്നാല്‍ ഇന്ത്യയും അമേരിക്കയുമായുള്ള പൊതു വ്യാപാരക്കരാറിന് പൂര്‍ണ്ണരൂപമായിട്ടില്ല.ഇറക്കുമതി ചുങ്കത്തിന്മേല്‍ തട്ടി നില്‍ക്കുകയാണ് വിഷയം. ചുരുക്കിപ്പറഞ്ഞാല്‍ ഇക്കാര്യത്തില്‍ ഉഭയകക്ഷി മര്യാദ എന്നൊന്ന് അവരുടെ ഭാഗത്ത് നിന്നും നടക്കുകയേ ഇല്ല.അതാണ് ട്രംപ്,അതാണ് അമേരിക്ക.മോദി നല്ല കര്‍ക്കശക്കാരനാണെന്നൊക്കെ ട്രംപ് അഹമ്മദാബാദില്‍ വെച്ച് തട്ടിവിട്ടെങ്കിലും അവിടെ തിരിച്ചെത്തുമ്പോള്‍ തീര്‍ച്ചയായും മട്ടും ഭാവവും മാറും.പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തനങ്ങളെപ്പറ്റിയൊക്കെ പറഞ്ഞല്ലോ,എന്നാല്‍ ഇമ്രാന്‍ഖാന്‍ വാഷിംഗ്ടണില്‍ ചെന്ന് കുമ്പിടുമ്പോള്‍ ട്രംപിന്റെ വാചകങ്ങള്‍ മാറിമറിയും.
ട്രംപിന് ഇന്ത്യന്‍ പാരമ്പര്യത്തോടും ചരിത്രത്തോടും രാഷ്ട്രീയത്തോടുമൊന്നും പ്രത്യേക താത്പര്യമില്ല എന്ന് കാണാന്‍ വേറെയെവിടെയും പോവേണ്ടതില്ല.സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ഡയറിയുടെ പേജുകള്‍ ഒന്ന് മറിച്ചു നോക്കിയാല്‍ മതി.ഗാന്ധിജി എന്നൊരു മനുഷ്യനെപ്പറ്റി അദ്ദേഹം കേട്ടിട്ടേയില്ല എന്ന മട്ടിന്റെ പ്രതിഫലനം അതില്‍ കാണാം.രാജ്ഘട്ടിലെ സന്ദര്‍ശനത്തിലും ഇക്കാര്യത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. ട്രംപ് പോയി.അദ്ദേഹം ഇവിടെയുള്ള ദിനങ്ങളില്‍ ഡല്‍ഹി നഗരം കത്തിയെരിയുകയായിരുന്നു.അതിപ്പോഴും ശമിച്ചിട്ടില്ല.അവിടെ വേട്ടക്കാരുടെയും ഇരകളുടെയും എണ്ണം കൂടി വരുന്നു.ഇരകളുടെ രോദനം കേള്‍ക്കാന്‍ അധികൃതര്‍ മിനക്കെടുന്നേയില്ല.അതത്രേ തല്‍ക്കാലം നമസ്‌തേ ട്രംപിന്റെ ബാക്കിപത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍