തിരുവാഭരണത്തിന്റെ കണക്കെടുക്കാനും പരിശോധിക്കാനും സുപ്രീം കോടതി ഏകാംഗ കമ്മീഷനെ നിയോഗിച്ചു

കൊച്ചി;ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുക്കാനും പരിശോധിക്കാനും സുപ്രീം കോടതി ഏകാംഗ കമ്മീഷനെ നിയോഗിച്ചു. ഹൈക്കോടതി റിട്ടയേഡ് ജഡ്ജി സി.എന്‍ രാമചന്ദ്രന്‍ നായര്‍ക്കാണ് ചുമതല. ഹരജിക്കാരുടെ വക്കാലത്തുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലെ ഒപ്പ് പരിശോധിക്കാന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിയെയും കോടതി നിയോഗിച്ചു. ഹരജി പരിഗണിച്ചപ്പോള്‍ തന്നെ പന്തളം രാജകുടുംബത്തിന്റെ വക്കാലത്തുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ കോടതിയില്‍ തര്‍ക്കിച്ചു. നാടകീയമായ രംഗങ്ങള്‍ക്കാണ് കോടതി സാക്ഷ്യം വഹിച്ചത്. പ്രധാന ഹരജിക്കാരനായ രേവതി നാള്‍ രാമ രാമ വര്‍മയില്‍ നിന്ന് വക്കാലത്ത് ലഭിച്ചെന്ന് മുതിര്‍ന്ന അഭിഭാഷകരായ സായ് ദീപകും രാധാകൃഷ്ണനും തമ്മിലാണ് തര്‍ക്കിച്ചത്. തങ്ങള്‍ക്ക് വക്കാലത്തിന് സത്യവാങ്മൂലം ലഭിച്ചിട്ടുണ്ടെന്ന് സായ്ദീപക് വാദിച്ചപ്പോള്‍ സത്യവാങ്മൂലത്തിലെ ഒപ്പ് വ്യാജമാണെന്ന് മറുഭാഗവും വാദിച്ചു. ഇത് പരിശോധിക്കാന്‍ കോടതി പത്തനംതിട്ട ജില്ലാ ജഡ്ജിയെ നിയമിച്ചു. ഈ സാഹചര്യത്തില്‍ തിരുവാഭരണങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് കോടതി നിരീക്ഷിച്ചു. ആഭരണങ്ങള്‍ പരിശോധിക്കാനും കണക്കെടുക്കാനുമായി ഹൈക്കോടതി റിട്ടയേഡ് ജഡ്ജി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ കോടതി നിയമിച്ചു. നാലാഴ്ച്ചക്കകം ആഭരണങ്ങളുടെ കണക്ക് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു. രാജകുടുംബത്തിലെ തര്‍ക്കം രമ്യമായി പരിഹരിക്കാനാകുമോയെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് കോടതി ആരാഞ്ഞു. വ്യക്തിപരമായി പരിശ്രമിക്കാമെന്ന് എജി കോടതിയെ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍