ഏഷ്യന്‍ സിനിമയുടെ സുവര്‍ണ ദിനം; മികച്ച ചിത്രമുള്‍പ്പെടെ പാരസൈറ്റിന് നാല് ഓസ്‌കര്‍

ലോസ് ആഞ്ചല്‍സ്: ചരിത്രം തിരുത്തിക്കുറിച്ച് ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിന് മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍. മികച്ച ചിത്രമുള്‍പ്പെടെ പ്രധാനപ്പെട്ട നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ പാരസൈറ്റ് തൊണ്ണൂറ്റിരണ്ടാമത് ഓസ്‌കാര്‍ വേദിയില്‍ പുതുചരിത്രം സൃഷ്ടിച്ചു. ഒരു വിദേശ ഭാഷാ ചിത്രം ഇതുവരെ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയിട്ടില്ലെന്ന ചരിത്രമാണ് പാരസൈറ്റ് തിരുത്തിക്കുറിച്ചിരിക്കുന്നത്.
മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങളും പാരസൈറ്റ് സ്വന്തമാക്കി. മികച്ച ചിത്രത്തിനും മികച്ച വിദേശ ഭാഷാ ചിത്രത്തിനുമുള്ള ഇരട്ട ഓസ്!കര്‍ നേടുന്ന ചിത്രമെന്ന ചരിത്രവും ഇതോടെ പാരസൈറ്റിനു മുന്നില്‍ വഴിമാറി. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും പാം ദി ഓര്‍ പുരസ്‌കാരവും പാരസൈറ്റ് ഇതിനകം നേടിയിട്ടുണ്ട്.
ഒരു കൊറിയന്‍ ചിത്രം നാല് ഓസ്‌കര്‍ പുരസ്‌കാരം നേടുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. ഒരു ഏഷ്യന്‍ ചിത്രം ഓസ്‌കാര്‍ വേദിയില്‍ നേട്ടം വാരിക്കൂട്ടുന്നതും ഇതാദ്യമാണ്. പാരസൈറ്റിലൂടെ ബോംഗ് ജൂ ഹോ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ഓസ്‌കാറില്‍ ആറ് നോമിനേഷനുകളുമായി എത്തി നാല് പുരസ്‌കാരങ്ങളുമായി മടങ്ങുന്നുവെന്ന അപൂര്‍വതയും പാരസൈറ്റ് സ്വന്തമാക്കി.ഏവരും പ്രതീക്ഷിച്ചതുപോലെ ജോക്കറായി ചിരിച്ചുകൊണ്ട് കരഞ്ഞ വാക്വിന്‍ ഫീനിക്‌സ് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കി. ഗോള്‍ഡന്‍ ഗ്ലോബ് മുതല്‍ ബാഫ്റ്റ് വരെ പുരസ്‌കാരങ്ങള്‍ ജോക്കറിലെ അഭിനയത്തിലൂടെ തേടിയെത്തിയ വാക്വിന്‍ ഫീനിക്‌സിനെ ഓസ്‌കാര്‍ വേദിയും നിരാശപ്പെടുത്തിയില്ല. ജൂഡിയിലെ അഭിനയത്തിന് റെനെ സെല്‍വെഗറാണ് മികച്ച നടി. റെനെ സെല്‍വെഗര്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ശബരിമല കേസ്: വിശാല ബെഞ്ച്
നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല കേസ് വിശാല ബെഞ്ചിന് വിട്ടത് ശരിവച്ച് സുപ്രീംകോടതി. വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്‌ഡെ തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഏഴ് വിഷയങ്ങളായിരിക്കും കോടതിയുടെ പരിഗണനയ്ക്ക് വരിക.. ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം മത സ്വാതന്ത്ര്യത്തി്‌ന്റെ പരിധി എന്താണ് , ഭരണഘടനയുടെ അനുചേദം 26ല്‍ പറയുന്ന ധാര്‍മികതയുടെ അര്‍ഥം എന്താണ്, അനുഛേദം 25 നല്‍കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അനുഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങള്‍ക്കുള്ള അവകാശവും മറ്റ് മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ, അനുച്ഛേദം 25,26 എന്നിവയ്ക്ക് മൗലിക അവകാശവുമായുള്ള ബന്ധം എന്താണ് തുടങ്ങിയ ഏഴ് വിഷയങ്ങളാണ് കോടതി പരിഗണിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍