ആ റെക്കോര്‍ഡ് ജസ്പ്രീത് ബുംറക്ക്

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഡെത്ത് ബൗളര്‍ എന്ന വിശേഷണത്തിന് ഇന്ത്യയുടെ ബുംറയല്ലാതെ മറ്റൊരാളില്ല. ന്യൂസിലാന്‍ഡിനെതിരെ സമാപിച്ച ടി20 പരമ്പരയില്‍ ഈ ഖ്യാതിക്ക് മങ്ങലേറ്റോ എന്ന് പേടിച്ചെങ്കിലും അവസാന മത്സരത്തിലെ തകര്‍പ്പന്‍ സ്‌പെല്ലോടെ തിരിച്ചുവരവ് നടത്തി താരം. ഈ പരമ്പരയില്‍ തന്നെ ഒരു റെക്കോര്‍ഡും സ്വന്തമാക്കിയാണ് ബുംറ ഇനി ഏകദിനത്തിനൊരുങ്ങുന്നത്.
അതായത് ടി20യില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ എറിയുന്ന ബൗളറെന്ന റെക്കോര്‍ഡാണ് ബുംറ സ്വന്തം പേരിലാക്കിയത്. തന്റെ ടി20 കരിയറില്‍ ആകെ ഏഴ് മെയ്ഡന്‍ ഓവറുകളാണ് ബുംറ എറിഞ്ഞത്. ശ്രീലങ്കയുടെ നുവാന്‍ കുലശേഖരയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ആറ് മെയ്ഡ്ന്‍ ഓവറുകളായിരുന്നു കുലശേഖരയുടെ പേരില്‍. 58 മത്സരങ്ങളില്‍ നിന്നാണ് കുലശേഖര ആറ് മെയ്ഡ്ന്‍ ഓവറുകള്‍ എറിഞ്ഞതെങ്കില്‍ ബുംറ എടുത്തത് 50 മത്സരങ്ങളും.
അവസാന ടി20യില്‍ ഒരു മെയ്ഡനടക്കം നാല് ഓവറുകള്‍ എറിഞ്ഞ ബുംറ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ടീം ഇന്ത്യയും ഈ പരമ്പര വിജയത്തോടെ ഒരു നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ സമ്പൂര്‍ണ വിജയം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡില്‍ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര വിജയം കൂടിയാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍