മതനിരപേക്ഷത വെല്ലുവിളി നേരിടുന്നു: മന്ത്രി എ.കെ.ബാലന്‍

തിരുവനന്തപുരം: ഭരണഘടനയിലെ മതനിരപേക്ഷ മൂല്യങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും വെല്ലുവിളി നേരിടുകയാണെന്ന് മന്ത്രി എ.കെ.ബാലന്‍. വിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച ഭരണഘടനാസാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ സമാപനസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളില്‍ ഭരണഘടനയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതില്‍ സാക്ഷരത മിഷന്‍ വലിയ ഇടപെടലാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഭരണഘടന മതനിരപേക്ഷതയ്ക്കും ബഹുസ്വരതയ്ക്കും ഊന്നല്‍ നല്‍കുന്നതാണെന്നും അവയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതാമിഷന്റെ സാമൂഹ്യസാക്ഷരത പരിപാടികളുടെ ഭാഗമായാണ് ഭരണഘടനാസാക്ഷരത പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ റിപ്പബ്ലിക്ക് എന്ന ആശയത്തെയും നമ്മുടെ ഭരണഘടനയെയും സംബന്ധിക്കുന്ന അവബോധ രൂപീകരണമാണ് ഭരണഘടനാസാക്ഷരതാപരിപാടിയുടെ ലക്ഷ്യമായി സാക്ഷരതാമിഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 25 ന് സംസ്ഥാനത്ത് 5,000 കേന്ദ്രങ്ങളില്‍ അഞ്ച് ലക്ഷം പേര്‍ ഭരണഘടനയുടെ ആമുഖം വായിച്ച പരിപാടി സംഘടിപ്പിച്ചു. അതോടൊപ്പം ഇന്ത്യ എന്ന റിപ്പബ്ലിക്ക് എന്ന ആശയത്തെ ആസ്പദമാക്കി പ്രദര്‍ശനവും പ്രഭാഷണപരമ്പരയും ഗവ.വിമന്‍സ് കോളേജ് ചരിത്രവിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. സാക്ഷരത മിഷന്‍ ഡയറക്ടര്‍ പി.എസ്.ശ്രീകല അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.അയ്യപ്പന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.സമാപനസമ്മേളനത്തിന് മുന്നോടിയായി സാക്ഷരതാമിഷന്‍ പഠിതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത ജാഥ എസ്.എം.വി. സ്‌കൂളില്‍ നിന്നും ആരംഭിച്ച് ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍