ജിംനേഷ്യത്തില്‍ ബാല; ത്രില്ലടിച്ച് മംമ്ത

ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച ചിത്രമായിരുന്നു ബിഗ് ബി. ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടെന്ന കാര്യം സംവിധായകന്‍ അമല്‍ നീരദ് മുമ്പേ തന്നെ പുറത്തു വിട്ടതാണ്. ഇപ്പോള്‍ ബിലാല്‍ എന്ന ചിത്രത്തെപ്പറ്റി പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ബിഗ്ബിയിലെ താരങ്ങളായ ബാലയും മംമ്താ മോഹന്‍ദാസും. ബിഗ്ബിയില്‍ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന്റെ സഹോദരനായ മുരുകന്‍ എന്ന സ്റ്റണ്ട് മാസ്റ്ററുടെ വേഷം ചെയ്തത് ബാലയായിരുന്നു. റിമി എന്ന കഥാപാത്രത്തെയാണ് മംമ്ത മോഹന്‍ദാസ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങാന്‍ പോകുന്ന വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബാല അറിയിച്ചത്. ചിത്രത്തിനായി താന്‍ ബോഡി ബില്‍ഡിംഗ് നടത്തുകയാണെന്നും താരം പറയുന്നു. താന്‍ ഒരുപാട് സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മമ്മുക്കയ്‌ക്കൊപ്പം ബിഗ് ബി പാര്‍ട്ട് 2 ബിലാലില്‍ അഭിനയിക്കുന്നുവെന്നാണ് ബാല അറിയിച്ചത്. ഷൂട്ടിംഗിന്റെ ഭാഗമായി ബോഡി ബില്‍ഡിംഗ് പരിശീലനം നടക്കുന്നുവെന്നും ബാല ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു. അതേ സമയം ബിലാലില്‍ താനും അഭിനയിക്കുന്നുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് മംമ്ത മോഹന്‍ദാസ്. ഒരു അഭിമുഖത്തിലാണ് മമ്മൂട്ടി സാറിന്റെ ബിലാലില്‍ ഞാനുമുണ്ട് അതിന്റെ ത്രില്ലിലാണ് എന്ന് മംമ്ത പറഞ്ഞത്. ഉണ്ണി ആര്‍, ഷറഫ്,സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ബിലാലിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പതിമൂന്ന് വര്‍ഷം മുമ്പാണ് ബിഗ് ബി റിലീസ് ചെയ്തത്. സിനിമാട്ടോഗ്രാഫറായ അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബിഗ് ബി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍