മറൈന്‍ ഡ്രൈവ് നവീകരണം : നടപടി തുടങ്ങിയെന്നു ജിസിഡിഎ

കൊച്ചി: മറൈന്‍ ഡ്രൈവിന്റെനവീകരണം സംബന്ധിച്ചു നടപടികളാരംഭിച്ചതായി ജിസിഡിഎ ഹൈക്കോടതിയെ അറിയിച്ചു. ഇവ പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തി ഉത്തരവു നല്‍കണമെന്നു ഹര്‍ജിക്കാരന്‍ രഞ്ജിത്ത് ജി. തമ്പി കോടതിയില്‍ പറഞ്ഞു. മറൈന്‍ഡ്രൈവിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇരുവിഭാഗങ്ങളും വാദം ഉയര്‍ത്തിയത്.നവീകരണത്തിനായി 90,000 രൂപയുടെ പണികള്‍ ചെയ്‌തെന്നു ജിസിഡിഎ വ്യക്തമാക്കുന്നു. മറൈന്‍ഡ്രൈവ് വാക്ക് വേയിലെ അവശ്യ നിര്‍മാണജോലികള്‍ തുടങ്ങി. വാക്ക് വേയിലെ തകര്‍ന്ന ടൈലുകള്‍ മാറ്റുന്നതും രണ്ട് മരങ്ങള്‍ക്ക് ചുറ്റുമതില്‍ കെട്ടുന്നതും പൂര്‍ത്തിയാക്കി. കെട്ടുവള്ളപ്പാലത്തിനു ചുവട്ടിലെ ടോയ്‌ലറ്റുകള്‍ക്ക് അനൗദ്യോഗിക നമ്പറുകള്‍ നല്‍കി. നവീകരിച്ച ടോയ്‌ലറ്റുകളുടെ അലോട്ട്‌മെന്റ് നടക്കുകയാണ്. ഹെലിപാഡ് ഗ്രൗണ്ടില്‍ ടോയ്‌ലെറ്റ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അഥോറിറ്റിയുടെ അനുമതി തേടി. കൊച്ചി സ്മാര്‍ട് സിറ്റി മിഷന്‍ പദ്ധതികള്‍ മറൈന്‍ഡ്രൈവില്‍ നടപ്പാക്കാന്‍ ടെന്‍ഡര്‍ വിളിച്ച് അനുകൂല പ്രതിട്ടില്ലെന്നും ജിസിഡിഎ സെക്രട്ടറി ജിനുമോള്‍ വര്‍ഗീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.ഇവിടത്തെ ടോയ്‌ലറ്റിന്റെ കാര്യത്തില്‍ നഗരസഭയും ജിസിഡിഎയും പരസ്പരം പഴിചാരുന്നുവെന്നാണു ഹര്‍ജിക്കാരന്റെ വാദം. അതിരാവിലെതന്നെ മറൈന്‍ഡ്രൈവില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം തുടങ്ങും. ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച ചിത്രങ്ങളില്‍നിന്നു ശോചനീയാവസ്ഥ വ്യക്തമാണ്. സ്വീവേജ് മാലിന്യങ്ങള്‍ നീക്കാന്‍ നടപടിയായില്ല. നഗരസഭ, ജിസിഡിഎ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍