ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കാന്‍ പ്രശാന്ത് കിഷോര്‍

ചെന്നൈ: പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെക്ക് വേണ്ടി പ്രവര്‍ത്തിക്കും. പ്രശാന്ത് കിഷോര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുമായി (ഐപാക്) ഡി.എം.കെ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. '2021 ലെ തെരഞ്ഞെടുപ്പില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും തമിഴ്‌നാടിനെ അതിന്റെ പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കാനുള്ള ഞങ്ങളുടെ പദ്ധതികള്‍ രൂപപ്പെടുത്താനും സഹായിക്കുന്നതിന്' ഇന്ത്യന്‍ പിഎസി 'എന്ന ബാനറില്‍ തമിഴ്‌നാട്ടിലെ മിടുക്കരും സമാന ചിന്താഗതിക്കാരായ നിരവധി യുവ പ്രൊഫഷണലുകള്‍ ഞങ്ങളോടൊപ്പം ചേരുന്നുവെന്ന് പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്!' സ്റ്റാലിന്‍ കുറിച്ചു. 'സ്റ്റാലിന്‍ ഇത്തരമൊരു അവസരം നല്‍കിയതിന് നന്ദി. 2021 ലെ തെരഞ്ഞെടുപ്പില്‍ ശക്തമായ വിജയം നേടാന്‍ സഹായിക്കുന്നതിനും നിങ്ങളുടെ കഴിവുള്ള നേതൃത്വത്തില്‍ സംസ്ഥാനത്തെ പുരോഗതിയുടെയും സമൃദ്ധിയുടെയും പാതയിലേക്ക് തിരിച്ചുവിടാന്‍ സഹായിക്കുന്നതിന്' ഇന്ത്യന്‍ പിഎസി തമിഴ്‌നാട് ടീം ഡി.എം.കെ.യുമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ആവേശത്തിലാണെന്ന് ഐപാക് ട്വീറ്റ് ചെയ്തു.2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയ സുനില്‍. കെ കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞതോടെയാണ് പ്രശാന്ത് കിഷോര്‍ ചുമതലയേല്‍ക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍