കൊറോണ ഭീതിയൊഴിയാതെ രാജ്യം, നിരവധി ഇന്ത്യക്കാര്‍ ജപ്പാന്‍ കപ്പലില്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ജപ്പാനിലെ ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ ചില യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗബാധയെത്തുടര്‍ന്ന് കപ്പലില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഇന്ത്യക്കാരുമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ക്രൂ അംഗങ്ങളും യാത്രക്കാരുമുള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ കപ്പലിലുണ്ടെന്ന് മന്ത്രി ട്വീറ്റിലൂടെ അറിയിച്ചു. അതേസമയം, അവരില്‍ ആര്‍ക്കും കൊറോണ പോസിറ്റീവ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'കൊറോണ വൈറസ് കാരണം ക്രൂ അംഗങ്ങളും യാത്രക്കാരുമുള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ടോക്കിയോയിലെ ഞങ്ങളുടെ എംബസി നല്‍കിയ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് പരിശോധന ഫലത്തില്‍ ആര്‍ക്കും കൊറോണ പോസിറ്റീവ് ഇല്ല' മന്ത്രി ട്വീറ്റ് ചെയ്തു. ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്തോളം യാത്രക്കാര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കപ്പലിലുണ്ടായിരുന്ന നാലായിരത്തോളം പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞമാസം ഇതേ കപ്പലില്‍ യാത്ര ചെയ്തയാള്‍ക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. യാത്രയ്ക്കിടെയില്‍ ഇയാളില്‍ രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. ഹോങ്കോംഗ് തുറമുഖത്ത് കപ്പലിറങ്ങിയ ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം സംഘത്തില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. നിലവില്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ച മൂന്ന് കൊറോണ കേസുകളും കേരളത്തില്‍ നിന്നുള്ളതാണ്. ചൈനയിലെ വുഹാനില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലാണ് രോഗബാധ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍