വില്ലേജ് നോളജ് സെന്ററുകള്‍ ഒരുങ്ങുന്നു

തളിപ്പറമ്പ്: ജില്ലയില്‍ അനുവദിക്കപ്പെട്ട വില്ലേജ് നോളജ് സെന്ററുകളുടെ നിര്‍മാണ പ്രവൃത്തികള്‍ ഊര്‍ജിതം. കേരളത്തില്‍ ധര്‍മടം, തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിലെ 15 പഞ്ചായത്തുകളിലാണ് സെന്റര്‍ ആരംഭിക്കുന്നത്.
സംസ്ഥാന ഐടി മിഷന്‍, കണ്ണൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജ്, സിക്‌സോ എന്ന നോണ്‍ ഗവണ്‍മെന്റല്‍ ഏജന്‍സി എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
നോളജ് സെന്ററുമായി ബന്ധപ്പെട്ട സെര്‍വര്‍ സംവിധാനവും മറ്റ് അനുബന്ധ ഉപകരണങ്ങളും കണ്ണൂര്‍ എന്‍ജിനിയറിംഗ് കോളജിലാണ് സ്ഥാപിക്കുക. സെന്ററിന്റെ പ്രാഥമിക മോണിറ്ററിംഗ് സംവിധാനം പന്നിയൂര്‍ ആസ്ഥാനമായുള്ള ജില്ലാ കൃഷി വിജ്ഞാന്‍ കേന്ദ്രയിലാണ്.
സെക്കന്‍ഡറി മോണിറ്ററിംഗ് സംവിധാനം ഗവ. എന്‍ജിനിയറിംഗ് കോളജിലായിരിക്കും പ്രവര്‍ത്തിക്കുക. സെന്ററിന്റെപ്രവര്‍ത്തനം സുഗമമാകാന്‍ അഞ്ചുപേര്‍ക്ക് പരിശീലനവും നല്‍കും.
ഗ്രാമങ്ങളിലെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഓട്ടോമാറ്റിക് സെന്‍സര്‍ സംവിധാനത്തിലൂടെ കാലാവസ്ഥ, മണ്ണ് എന്നിവയുടെ വിവരങ്ങള്‍ യഥാസമയം അറിയിക്കാനുള്ള സൗകര്യങ്ങളാണ് സെന്ററില്‍ ഉണ്ടാവുക. ഭാവിയില്‍ വലിയ വികസന സാധ്യതയാണ് വില്ലേജ് നോളജ് സെന്ററിലൂടെ സാധ്യമാകാന്‍ പോകുന്നതെന്ന് കെവികെ മേധാവി ഡോ.പി. ജയരാജ് പറഞ്ഞു. മാര്‍ച്ച് മാസത്തില്‍ തന്നെ സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് ശ്രമം.
സംസ്ഥാനത്ത് തന്നെ ആദ്യത്തെ നോളജ് സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മാണ ജോലികള്‍ കുറുമാത്തൂര്‍ പഞ്ചായത്തിലെ പൂമംഗലത്ത് ആലയാട് വയല്‍ അങ്കണവാടി കോമ്പൗണ്ടില്‍ പുരോഗമിച്ചു വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍