കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കണം: എസ്. രാമചന്ദ്രന്‍ പിള്ള

കല്‍പ്പറ്റ: പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കുന്നതിനു കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കണമെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി എം. വേലായുധന്റെ ഒന്നാം ചമരവാര്‍ഷിക ദിനാചരണത്തില്‍ കാര്‍ഷിക പ്രതിസന്ധിയും ഇടതുപക്ഷ ബദലും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എട്ടുവര്‍ഷംകൊണ്ട് കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ കര്‍ഷകരുടെ അവസ്ഥ ഏറ്റവും പരിതാപകരമായി. കാര്‍ഷികമേഖലയെ തളര്‍ത്തുന്നതാണ് കേന്ദ്രനയങ്ങള്‍. ബജറ്റ് വിഹിതം വര്‍ഷംതോറും വെട്ടിക്കുറയ്ക്കുകയാണ്. കര്‍ഷകര്‍ക്കും ശാസ്ത്രസാങ്കേതിക വിദ്യയുടെ നേട്ടം ലഭ്യമാകണം. ഇതിനു ബയോടെക്‌നോളജി, ഊര്‍ജം, ജലസേചനം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കണം. പുതിയ കണ്ടുപിടിത്തങ്ങള്‍ കൃഷിയില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ജനിതക എന്‍ജിനീയറിംഗ് ഉള്‍പ്പെടെ ശാസ്ത്ര നേട്ടങ്ങളിലൂടെയാണ് വികസിത രാഷ്ട്രങ്ങള്‍ കാര്‍ഷിക മേഖലയില്‍ വന്‍ മുന്നേറ്റം നടത്തുന്നത്. ഉത്പാദനച്ചെലവിന് ആനുപാതികമായി വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി ഉണ്ടാകണം. വിത്ത്, വളം എന്നിവ കര്‍ഷകര്‍ക്കു സൗജന്യമായി നല്‍കണം. ജലസേചന സൗകര്യം ഉറപ്പുവരത്തണം. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണം. ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കണം. ലോകമുതലാളിത്തം നേരിടുന്ന പ്രതിസന്ധിയുടെ ഭാരം പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ചുമലില്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കാലാവസ്ഥവ്യതിയാനവും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയ്ക്കു കാരണമാണ്. വിപത്ത് തിരിച്ചറിഞ്ഞു കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ കഴിയണം. രാജ്യത്തെ കര്‍ഷകരുടെയും സാധാരണക്കാരുടെയും താത്പര്യം സംരക്ഷിക്കാതെ രാജ്യാന്തര കരാറുകളിലേര്‍പ്പെടുന്നത് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും രാമചന്ദ്രന്‍ പിള്ള ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍