'ഇതിലും ഭേദം ആ ക്രെയിന്‍ എന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു' വികാരാധീനനായി സംവിധായകന്‍ ശങ്കര്‍

ഇതിലും ഭേദം ആ ക്രെയിന്‍ എന്റെ ദേഹത്തേക്ക് മറിയുകയായിരുന്നുവെന്ന് ഇന്ത്യന്‍ 2ന്റെ സംവിധായകന്‍ ശങ്കര്‍. സംഭവത്തിന് ശേഷം താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍. തന്റെ ഔദ്യേഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ മാനസികാവസ്ഥയെ കുറിച്ച് വിവരിച്ചിരിക്കുന്നത്.''ഉള്ളില്‍ വളരെയധികം വിഷമത്തോടെയാണ് ഞാന്‍ ഇത് എഴുതുന്നത്. ലൊക്കേഷനിലെ ആ സംഭവത്തിന് ശേഷം ഞാന്‍ ഒരു ഷോക്കിലാണ്. എന്റെ അസിസ്റ്റന്റ് ഡയറക്ടറുടെയും സംഘാംഗങ്ങളുടെയും വേര്‍പാടിനെ തുടര്‍ന്ന് ഉറക്കമില്ലാത്ത രാത്രികളാണ് എന്റേത്. തലനാരിഴക്കാണ് ആ ക്രെയിന്‍ അപകടത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടത്. ആ ക്രെയിന്‍ എനിക്കുമേല്‍ പതിക്കുന്നതായിരുന്നു ഇതിലും ഭേദം. ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാ വിധ പ്രാര്‍ത്ഥനകളും''.ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യന്‍ 2ന്റെ ലൊക്കേഷനിലായിരുന്നു ക്രെയിന്‍ നിലം പതിച്ച് മൂന്നുപേര്‍ മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംവിധായകന്‍ ശങ്കറിന്റെ അടുത്ത സുഹൃത്തായ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ, ആര്‍ട്ട് അസിസ്റ്റന്റ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മധു എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍