തണ്ണീര്‍ത്തട സംരക്ഷണം സമൂഹത്തിന്റെ നിലനില്‍പ്പിന്: മന്ത്രി ജയരാജന്‍

കണ്ണൂര്‍: തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം മനുഷ്യ സമൂഹത്തിന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിന് അനിവാര്യമാണെന്ന് വ്യവസായ, കായിക വകുപ്പ് മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. ലോക തണ്ണീര്‍ത്തട ദിനത്തോടനുബന്ധിച്ച് മലബാര്‍ അവെയര്‍നെസ് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് (മാര്‍ക്) ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജൈവസമ്പത്ത് സംരക്ഷിച്ചുകൊണ്ടായിരിക്കണം മനുഷ്യര്‍ പുരോഗതി കൈവരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിട്ടിക്ക് വേണ്ടി കാട്ടാമ്ബള്ളി പുഴയിലെ ആവാസ വ്യവസ്ഥയെക്കുറിച്ച് മാര്‍ക് സെക്രട്ടറിയും ഗവേഷക വിദ്യാര്‍ത്ഥിയുമായ റോഷ്‌നാഥ് രമേശ് തയാറാക്കിയ 'ഫോണ ഒഫ് കാട്ടാമ്പള്ളി' എന്ന പഠനത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മേയര്‍ സുമ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. സുമേഷ് മുഖ്യാതിഥിയായി. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. പങ്കജാക്ഷന്‍, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, ഫിഷറീസ് വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, മാര്‍ക് സെക്രട്ടറി റോഷ്‌നാഥ് രമേശ്, മാര്‍ക് എക്‌സിക്യൂട്ടീവ് അംഗം മഹേഷ് ദാസ്, സി സുനില്‍ കുമാര്‍, വിദ്യാര്‍ത്ഥികള്‍, മാര്‍ക് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍