പൊതുവിതരണ മേഖല സുതാര്യവത്കരിക്കും: മന്ത്രി പി.തിലോത്തമന്‍

തിരുവനന്തപുരം: പൊതുവിതരണ മേഖലയെ സുതാര്യവത്കരിച്ച് ജനങ്ങള്‍ക്കാവശ്യമായ എല്ലാ ഉത്പന്നങ്ങളുടെയും വിപണന മേഖലയിലേക്ക് സപ്ലൈകോ കടന്നു ചെല്ലണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍. ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഉത്പന്നങ്ങള്‍ യഥേഷടം തെരഞ്ഞെടുക്കാവുന്ന നിലയിലാണ് സപ്ലൈക്കോകള്‍ പ്രവര്‍ത്തിക്കുന്നത്. വിലക്കയറ്റം നിയന്ത്രിച്ച് കുറഞ്ഞ വിലയില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാവേലി സ്റ്റോറുകളെ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കാനും സൂപ്പര്‍ മാര്‍ക്കറ്റുകളെ ഹൈപ്പര്‍ മാര്‍ക്കറ്റുകളാക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ചെറുകിട വ്യാപാര കേന്ദ്രങ്ങളിലേക്കുള്ള കുത്തക കമ്പനികളുടെ കടന്നുവരവ് നാടിന് വെല്ലുവിളിയാണെന്നും അതിനെ ചെറുത്തു നില്‍ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതുവിതരണ മേഖല കൂടുതല്‍ സുതാര്യവല്‍ക്കരിക്കുകയും നൂതന സൗകര്യങ്ങളോടുകൂടി വിപുലപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാറനല്ലൂര്‍ നിലവിലുണ്ടായിരുന്ന മാവേലി സ്റ്റോറിന്റെ പരിമിതികള്‍ കണക്കിലെടുത്താണ് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊതുവിതരണ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും അതിലൂടെ കുറഞ്ഞ നിരക്കില്‍ അവശ്യസാധനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി കമ്പോളങ്ങളില്‍ നേരിട്ട് ഇടപെട്ടുകൊണ്ട് ആവശ്യസാധനങ്ങള്‍ക്കു പുറമേ സ്ഥല സൗകര്യങ്ങളുള്ള വിതരണ സ്ഥാപനങ്ങളില്‍ 45 ശതമാനം ഇളവില്‍ ഗൃഹോപകരണങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മാറനല്ലൂര്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഐ.ബി. സതീഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. രമ, ത്രിതല പഞ്ചായത്ത് അംഗംങ്ങള്‍, സപ്ലൈകോ ജനറല്‍ മാനേജര്‍ ആര്‍.റാം മോഹന്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍