പൊതുചടങ്ങില്‍നിന്ന് ചൈനയില്‍ നിന്നു വന്നവര്‍ വിട്ടുനില്ക്കണം: മന്ത്രി

തൃശൂര്‍: നോവല്‍ കൊറോണ വൈറസ് ഇന്ത്യയിലാദ്യമായി തൃശൂരില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍നിന്നെത്തിയവര്‍ സ്വമേധയാ ആരോഗ്യ വകുപ്പിനു റിപ്പോര്‍ട്ടു ചെയ്യണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ . ചൈനയില്‍നിന്നു വന്നവര്‍ പൊതുചടങ്ങുകളില്‍നിന്ന് ഒഴിഞ്ഞുനില്ക്കണമെന്നും, ഇവരുടെ വീടുകളില്‍ വിവാഹം പോലുള്ള ചടങ്ങുകളുണ്ടെങ്കില്‍ മാറ്റിവയ്ക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. നിപ്പയുടെ അത്രയും മരണനിരക്ക് കൊറോണ ഉണ്ടാക്കില്ലെങ്കിലും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും മുമ്പേ രോഗം വ്യാപിക്കുന്നുവെന്നതാണ് ആശങ്കാജനകം. അതിനാല്‍ നിപ്പയേക്കാള്‍ കൂടുതല്‍ ഭയക്കണം. 14 ദിവസമാണ് കൊറോണ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവ്. ചൈനയില്‍നിന്നു വന്നവര്‍ കര്‍ശനമായി 28 ദിവസത്തെ ഹോം ക്വാറന്റൈന്‍ പാലിക്കണം. ഈ കാലയളവില്‍ പൊതു ഇടങ്ങളില്‍ സമ്പര്‍ക്കം അരുത്. ശരീരസ്രവം മറ്റുള്ളവരിലേക്കു പകരാതിരിക്കണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കൊറോണ ബാധ സംബന്ധിച്ച് എല്ലാ ദിവസവും രാത്രി ഏഴിനു മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും. വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കൊറോണ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആശുപത്രികളില്‍ വന്നാല്‍ എങ്ങനെ ശുശ്രൂഷിക്കണം, സുരക്ഷാ ഉപകരണങ്ങള്‍ എങ്ങിനെ ധരിക്കണം എന്നിവ സംബന്ധിച്ച് മിക്ക ആശുപത്രികളിലും ജീവനക്കാര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്. ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ശേഖരിച്ചുവയ്ക്കാന്‍ കെഎംഎസ്‌സിഎല്ലിനു നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍