പോലീസിന്റെ രണ്ട് ലക്ഷം വെടിയുണ്ടകള്‍ തിങ്കളാഴ്ച പരിശോധിക്കും

തിരുവനന്തപുരം: പോലീസിന്റെ കൈവശമുള്ള രണ്ടു ലക്ഷത്തോളം വെടിയുണ്ടകള്‍ തിങ്കളാഴ്ച പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം. എത്രത്തോളം വെടിയുണ്ടകള്‍ നഷ്ടമായെന്നു കണക്കാക്കാനും വ്യാജ വെടിയുണ്ടകള്‍ കടന്നുകൂടിയിട്ടുണ്ടോയെന്ന് അറിയാനുമാണ് ഇവ വിശദമായി പരിശോധിക്കുക. പ്രധാനമായും നാലിനം തോക്കുകളിലായി ഉപയോഗിക്കുന്ന വെടിയുണ്ടകളാണു പരിശോധിക്കുക. ഇതിനു മുന്നോടിയായി വെടിയുണ്ടകളുടെ സ്റ്റോക്ക് രജിസ്റ്റര്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. കേരള പോലീസിന്റെ കൈവശമുള്ള 12,061 വെടിയുണ്ടകള്‍ കാണാതായതായി സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത്രത്തോളം വെടിയുണ്ടകള്‍ നഷ്ടമായോയെന്നു കണക്കാക്കാന്‍ കൂടിയാണ് വിശദ പരിശോധനയെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. പോലീസിന്റെ 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെത്തുടര്‍ന്നു സംസ്ഥാനത്താകെയുള്ള ഇന്‍സാസ് റൈഫിളുകള്‍ തിരുവനന്തപുരത്ത് എത്തിച്ച് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ പരിശോധിച്ചിരുന്നു. തോക്കുകളൊന്നും നഷ്ടമായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പരിശോധനയില്‍ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍